തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന് പോസ്റ്ററിൽ മീശ വരച്ചതിന്റെ പേരിൽ പതിനാറുകാരൻ ജയിലിലായി. എർദോഗന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ മീശ വരച്ചതിന്റെ പേരിലാണ് കൗമാരക്കാരനെ അധികൃതർ ജയിലിലടച്ചത്.
തെക്കുകിഴക്കൻ പട്ടണമായ മെർസിനിൽ നിന്നുള്ള പതിനാറുകാരനാണ് തന്റെ വീടിനടുത്തുള്ള പോസ്റ്ററിൽ പേന ഉപയോഗിച്ച് ഹിറ്റ്‌ലർ മീശ വരച്ചതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അറസ്റ്റ് ചെയ്തത്. പതിനാറുകാരന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രസിഡന്റിനെ അപമാനിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രസിഡന്റിനെ അപമാനിച്ചുവെന്ന പേരിൽ നിരവധി പേരെ തുർക്കിയിൽ ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഈ കുറ്റം ചുമത്തി 16,753 പേരാണ് ശിക്ഷിക്കപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് റജബ് തയ്യിപ് എർദോഗൻ തുർക്കി പ്രസിഡന്റായി വീണ്ടും അധികാരമേറ്റത്. തിരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ടുകൾ നേടിയായിരുന്നു എർദോഗന്റെ വിജയം. രണ്ട് പതിറ്റാണ്ടായി തുർക്കിയിൽ എർദോഗൻ അധികാരത്തിൽ തുടരുകയാണ്. ആറ് പാര്‍ട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറുലുവിനെ പരാജയപ്പെടുത്തിയാണ് വീണ്ടും വിജയിച്ചത്.
2017ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സര്‍ക്കാര്‍ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുര്‍ക്കി മാറിയത്.