ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറികളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാൻ്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നാലുമാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി, വെളിച്ചെണ്ണ, ചെറുപയർ, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം പച്ചക്കറികൾ കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങൾക്കും ആഗസ്റ്റ് മാസത്തിൽ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.