വയനാട്ടിലെ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തേയും നടന്‍ മോഹന്‍ലാലിനേയും അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അജു അലക്‌സിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതിയുമായി അജുവിന്റെ മാതാവ്. മകനെ കാണാനില്ലെന്നും തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയെന്നും മകന്‍ ഹൃദ്രോഗിയാണെന്നും മാതാവ് മേഴ്‌സി അലക്‌സ് പത്തനംതിട്ട എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ചെകുത്താന്‍ എന്ന പേരിലാണ് അജു അലക്‌സ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വന്ന് ജാമ്യമെടുത്തിട്ട് പോകാനുള്ള കേസ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് എസ്പി മകനെ കൂട്ടിക്കൊണ്ടുപോയതെന്നും അതിനുശേഷം മകനെ ലോക്കപ്പിലാക്കുകയാണ് ചെയ്തതെന്നും മേഴ്‌സി അലക്‌സ് പറയുന്നു.
മകനെക്കുറിച്ച് താന്‍ പൊലീസില്‍ അന്വേഷിച്ചിട്ടും കൃത്യമായ വിവരമൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അജുവിന്റെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്.താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.