വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധി പേരാണ് രംഗത്ത് വരുന്നത്. സമൂഹികമാധ്യമങ്ങളിലൂടെ പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. മന്ത്രി വീണാ ജോർജിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു. ഇപ്പോൾ മന്ത്രി തന്നെ ഈ കമന്റുകൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ്.
മന്ത്രിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിന്റെ സക്രീൻഷോട്ട് പങ്കുവെച്ച് കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്. അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകളെന്നും വീണ ജോര്‍ജ് കുറിച്ചു.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
എൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ.
മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിൻ്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്.
‘മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കൾ ഉണ്ടേൽ ഒരാളെ ഞാൻ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ ഞാൻ നോക്കിക്കോളാം’, ‘എനിക്ക് രണ്ടു മക്കളുണ്ട്. ഇനിയും രണ്ടുമക്കളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം’, ‘ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ ഇങ്ങനെ നീളുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിൽ നിറയുന്ന കമന്റുകൾ.