പ്രശസ്ത പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.

0
52

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു അന്ത്യം.

‘നീലക്കുയില്‍’ എന്ന സിനിമയിലെ ‘കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി കളിയാടുമിളംകാറ്റില്‍ ചെറുകാറ്റുപായ പാറി’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തയാക്കിയത്.

തന്റെ പതിനാലാം വയസ്സിലായിരുന്നു പി. ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതംപകർന്ന ഈ ഗാനം പുഷ്പ പാടിയത്. 1953-ല്‍ ‘ലോകനീതി’ എന്ന സിനിമയില്‍ അഭയദേവ് – ദക്ഷിണാമൂർത്തി ടീമിനുവേണ്ടി രണ്ടു പാട്ടുകള്‍ പാടിയെങ്കിലും ശ്രദ്ധനേടിയില്ല. അതിനുശേഷമാണ് നീലക്കുയിലിലേക്കുള്ള അവസരം.

1950-ല്‍ കോഴിക്കോട് ആകാശവാണിയില്‍ പുഷ്പയുടെ ‘സുലളിത സുമധുര’ എന്ന ലളിതഗാനാലാപനം കേട്ടാണ് പി. ഭാസ്കരൻ നീലക്കുയിലില്‍ പാടാൻ വിളിക്കുന്നത്. ‘നീലക്കുയിലി’നു ശേഷം ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും അതിനിടയില്‍ പുഷ്പ വിവാഹിതായി.

തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ജാനകീമന്ദിരം വീട്ടിലാണ് ജനിച്ചതും വളർന്നതും. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്നപേരില്‍ കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു. അവരില്‍നിന്നാണ് പുഷ്പയുടെ സംഗീതപഠനം.

പുഷ്പയുടെ ഭർത്താവ് കെ.വി. സുകുരാജൻ നേരത്തെ മരിച്ചു. മക്കള്‍: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ, മരുമക്കള്‍: രാജി വാചാലി, രാംദേവ്, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത്‌നഗർ ശ്മശാനത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here