ആദ്യ ബയോമെട്രിക് സ്മാര്‍ട്ട് എയര്‍പോര്‍ട്ട്

0
60

ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി നടപ്പിലാക്കുന്ന ആദ്യ എയര്‍പോര്‍ട്ടായി അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം. അബുദാബി എയര്‍പോര്‍ട്ട്‌സും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും (ഐ സി പി) പരസ്പരം സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) അധിഷ്ഠിത ഗതാഗത പരിഹാരങ്ങളില്‍ വൈദഗ്ധ്യമുള്ള കമ്പനിയായ നെക്സ്റ്റ് 50 മായി സഹകരിച്ച് വ്യോമയാന സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.വിമാനത്താവളത്തിലെ എല്ലാ സെക്യൂരിറ്റി, ഓപ്പറേഷന്‍ ടച്ച് പോയിന്‍റുകളിലും ബയോമെട്രിക് ഓതന്‍റിക്കേഷന്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.

ഇവിടെ യാത്രക്കാരുടെ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരെ ഓട്ടോമാറ്റിക്കായി ചെക്ക് ഇന്നും ചെക്കൗട്ടും ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഐ സി പിയുടെ നിയന്ത്രണത്തിലുള്ള ഡാറ്റാബേസുകളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതുപ്രകാരം ഇവിടെ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍റെ ആവശ്യം വരില്ല.ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതോടെ യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള സമയം 25 സെക്കന്‍ഡില്‍ നിന്ന് ഏഴ് സെക്കന്‍ഡായി കുറയ്ക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റും യാത്രാ രേഖകളും പരിശോധിക്കുന്ന സംവിധാനം സംയോജിപ്പിക്കുകയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി സ്മാര്‍ട്ട് ഗേറ്റുകളെ ആശ്രയിക്കുകയും ചെയ്യുന്നതിലൂടെയാണിത്.

ഇതുവഴി മനുഷ്യവിഭവശേഷി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ പരിശോധനകള്‍ക്കായുള്ള ചെലവേറിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യകത ഇല്ലാതാക്കുകയും തിരിച്ചറിയല്‍ രേഖകളിലെ തട്ടിപ്പുകള്‍ ഫലപ്രദമായി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.2023 നവംബറില്‍ സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ആരംഭിക്കുന്ന സമയത്ത് വിമാനത്താവളത്തിലെ വിവിധ ടച്ച് പോയിന്‍റുകളില്‍ ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയിരുന്നു.

ഓട്ടോമാറ്റിക് ട്രാവലര്‍ രജിസ്‌ട്രേഷന്‍ സേവനം, സ്വയം സേവന ലഗേജ് ഡെലിവറി, ഇ-ഗേറ്റുകളിലും ബോര്‍ഡിങ് ഗേറ്റുകളിലും മുഖം തിരിച്ചറിയല്‍ സംവിധാനം എന്നിവയാണ് ഏര്‍പ്പെടുത്തിയത്. സായിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രാനുഭവം മികച്ചതാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ബയോമെട്രിക് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഐസിപി ജനറല്‍ ഡയറക്ടര്‍ സഈദ് സെയ്ഫ് അല്‍ ഖൈലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here