കാനഡ കടന്ന് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍.

0
50

ന്യൂജഴ്സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയെ തകർത്ത് അർജന്റീന ഫൈനലില്‍. നായകൻ ലയണല്‍ മെസ്സി ടൂർണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്ബ്യൻമാരുടെ ജയം.

ആദ്യ പകുതിയില്‍ ജൂലിയൻ അല്‍വാരസും രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ നേടി. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.

22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയൻ അല്‍വാരസാണ് ലോകചാമ്ബ്യൻമാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ നേടി. കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് രണ്ട് ഗോളുകളും നേടിയത്. കാനഡയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷകനായി. അർജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി. 4-4-2 ആയിരുന്നു അർജന്റീനയുടെ ലൈനപ്പ്. കാനഡയുടേത് 4-2-3-1. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച്‌ വന്നപ്പോഴും അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

22-ാം മിനിറ്റിലാണ് ലോകചാമ്ബ്യൻമാരുടെ ആദ്യ ഗോളെത്തിയത്. മൈതാനമധ്യത്തില്‍ മാർക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന റോഡ്രിഗോ ഡി പോള്‍, മുന്നേറ്റ താരം ജൂലിയൻ അല്‍വാരസിലേക്ക് ഫോർവേഡ് പാസ് നല്‍കി. കാനഡ പ്രതിരോധത്തെ പിളർത്തിക്കൊണ്ട് മുന്നോട്ടാഞ്ഞ അല്‍വാരസ് പന്ത് അനായാസം വലയിലെത്തിച്ചു (1-0). ബോക്സിനകത്ത് കനേഡിയൻ താരം ബോംബിറ്റോ ഗോള്‍ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ബോക്സിന്റെ എഡ്ജില്‍വെച്ച്‌ മധ്യനിര താരം എൻസോ ഫെർണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് കനേഡിയൻ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താൻ ശ്രമിച്ച്‌ അടിച്ച പന്ത് പക്ഷേ, അർജന്റീനാ താരത്തിന്റെ കാലിലെത്തി. വല ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ച്‌ കനേഡിയൻ താരങ്ങള്‍ പ്രതിഷേധമുയർത്തിയതോടെ വാർ ചെക്കിങ് നടത്തി. പരിശോധനയ്ക്കൊടുവില്‍ ഗോള്‍ സാധുവായി. കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോള്‍ (2-0).

മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. 12-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് മെസ്സി ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി. 44-ാം മിനിറ്റില്‍ കനേഡിയൻ പ്രതിരോധത്തെ കബളിപ്പിച്ച്‌ മെസ്സി വീണ്ടും മുന്നേറ്റം നടത്തി. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതില്‍ അപ്പോഴും പരാജയപ്പെട്ടു. അതിനിടെ ആദ്യ ഗോള്‍ വരുന്നതിന് അഞ്ച് മിനിറ്റ് മുൻപ് അല്‍വാരസ് സ്വന്തം പകുതിയില്‍നിന്ന് കനേഡിയൻ വല തുളയ്ക്കാനുള്ള ശ്രമം നടത്തി. കനേഡിയൻ ഗോള്‍ക്കീപ്പർ ക്രെപിയോയെ മറികടക്കാൻ ലക്ഷ്യമിട്ട് അടിച്ച ലോങ് ബോള്‍ പുറത്തേക്ക് പോയി.

കൗണ്ടർ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. 15, 16 മിനിറ്റുകളില്‍ അർജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാനായി അവർക്ക്. ബോക്സിനകത്തെ പിഴവുകളും പാസുകള്‍ ശരിയാംവിധം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് കാനഡയെ ഗോളില്‍നിന്ന് അകറ്റിയത്. കാനഡയുടെ മികച്ച ഒരു നീക്കം അർജന്റൈൻ ഗോള്‍ക്കീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടതും രക്ഷയായി.

ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ മണലും ഈർപ്പവും കാരണം വേഗം കുറഞ്ഞ പിച്ചിലായിരുന്നു മത്സരം. കാനഡ ബാക്ക്ലൈൻ തുളച്ചുകയറാനുള്ള അർജന്റീനയുടെ ശ്രമം മോശം പിച്ച്‌ കാരണം പലപ്പോഴും പരാജയപ്പെട്ടു. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനലാണിത്. 2021 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്ബ്യൻഷിപ്പ് നേടുന്നതിലാണ് അർജന്റീനയുടെ കണ്ണ്. ഫൈനലില്‍ വിജയിച്ചാല്‍ കോപ്പ അമേരിക്കയിലെ തുടർച്ചയായ രണ്ടാം ജയമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here