ഗോത്ര കവയത്രി ധന്യ വേങ്ങച്ചേരിയുടെ കവിതകള്‍ എം ജി സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ധന്യയുടെ ‘മിരെനീര്’ എന്ന ഗോത്ര കവിതാസമാഹാരത്തിലെ ‘ഉട്ങ്കല്ത്ത കുപ്പായം’ (ഉണക്കമീനിന്റെ കുപ്പായം) എന്ന കവിതയാണ് എം.ജി.സര്‍വകലാശാല ഈ വര്‍ഷത്തെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള കീഴാളപഠനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റത്തിന്റെ പുതിയ കാവ്യാത്മകമായ തീരുമാനങ്ങളാണ് നടപ്പിലായത്.
‘പേപ്പറില്‍ പടംകൊഴിച്ച് പൊനത്തിലേക്ക് ഇറങ്ങുമ്ബോള്‍’ എന്ന ധന്യയുടെ കവിത കണ്ണൂര്‍ സര്‍വകലാശാല എം.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുള്ള ആധുനിക മലയാളം കവിതാവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാറൂഖ് കോളേജിലെ ബി.എ. മലയാളം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷംമുതല്‍ ധന്യയുടെ ‘രാമായണം’ എന്ന കവിത പഠിക്കുന്നുണ്ട്. തുളുവിലാണ് ധന്യ കവിതകള്‍ എഴുതുന്നത്. ഇതിന് ലിപിയില്ലാത്തതിനാല്‍ മലയാളം ലിപിയാണ് ഉപയോഗിക്കുന്നത്.
എണ്ണപ്പാറ വേങ്ങച്ചേരിയിലെ കൂലിപ്പണിക്കാരായ കൃഷ്ണന്റെയും കാരിച്ചിയുടെയും മകളാണ് ധന്യ. ‘ഗോത്ര പെണ്‍കവിതകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററായിരുന്നു ധന്യ. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനായി തിരഞ്ഞെടുത്ത അവസാന പത്ത് പുസ്തകങ്ങളിലൊന്ന് ഇവരുടെ ആദ്യ കവിതാസമാഹാരമായ ‘മീരെനീര്’ ആണ്. ഈ സമാഹാരത്തിലെ കവിത തന്നെയാണ് ഇപ്പോള്‍ എം ജി സർവകലാശാലയിലും ഇടം പിടിച്ചിരിക്കുന്നത്.