T20 World Cup 2024 : ഇന്ത്യക്കു മിന്നും ജയം

0
113

ഗ്രൂപ്പ് വണ്ണില്‍ അട്ടിമറി മോഹവുമായി ഇറങ്ങിയ അഫ്ഗാനിസ്താനെ 47 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും തുരത്തിയത്. ഇതോടെ സെമി ഫൈനലിലേക്കു ഒരു ചുവടും വച്ചിരിക്കുകയാണ് ഇന്ത്യ. ശനിയാഴ്ച നടക്കുന്ന അടുത്ത കളിയും ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഉറപ്പിക്കാം.

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ 182 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് അഫ്ഗാന് ഇന്ത്യ നല്‍കിയത്. പക്ഷെ ഈ ടോട്ടലിനെ വെല്ലുവിളിക്കാന്‍ അവര്‍ക്കു ഒരിക്കലുമായില്ല. പവര്‍പ്ലേയില്‍ തന്നെ 35 റണ്‍സിനിടെ മൂന്നു വിക്കറ്റ് കൈവിട്ട അഫ്ഗാന് പിന്നീടൊരു തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു. ഒടുവില്‍ ഇന്നിങ്‌സിലെ അവസാന ബോളില്‍ 134 റണ്‍സിനു ഓള്‍ഔട്ടായി അവര്‍ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു.

26 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ്‌സ്‌കോററായത്. മറ്റാരും 20 കടന്നില്ല. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും മൂന്നു വീതം വിക്കറ്റുകളെടുത്തു. കുല്‍ദീപ് യാദവ് രണ്ടു പേരെയും മടക്കി. നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എട്ടു വിക്കറ്റിനാണ് 181 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

നായകന്‍ രോഹിത് ശര്‍മ- വിരാട് കോലി ജോടി ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായെങ്കിലും സൂര്യയുടെ സ്‌ഫോടനാത്മക ഫിഫ്റ്റി ഇന്ത്യയെ രക്ഷിച്ചു. 28 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം 53 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി കൂടിയാണിത്.

സൂര്യ കഴിഞ്ഞാല്‍ ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്., 24 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 32 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കോലി (24), റിഷഭ് പന്ത് (20), ശിവം ദുബെ (10), രവീന്ദ്ര ജഡേജ (7), അക്ഷര്‍ പട്ടേല്‍ (12), രോഹിത് (8) അര്‍ഷ്ദീപ് സിങ് (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

11ാം ഓവറില്‍ ദുബെ പുറത്താവുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 90 റണ്‍സെന്ന നിലയിലായിരുന്നു. അഫ്ഗാന്‍ കളിയില്‍ പിടിമുറുക്കുമെന്നു കരുതിയ നിമിഷമായിരുന്നു ഇത്. എന്നാല്‍ സൂര്യക്കു കൂട്ടായി ഹാര്‍ദിക് വന്നതോടെ ഇന്ത്യന്‍ സ്‌കോറിങിനു വേഗതയും കൂടി. 60 റണ്‍സാണ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ഇതോട ഇന്ത്യന്‍ ടോട്ടല്‍ 150ലെത്തുകയും ചെയ്തു. സൂര്യ മടങ്ങിയ ശേഷം ഹാര്‍ദിക്, അക്ഷര്‍ എന്നിവരുടെ പ്രകടനമാണ് ടോട്ടല്‍ 181ലെത്തിച്ചത്. അഫ്ഗാനു വേണ്ടി ഫസല്‍ഹഖ് ഫാറൂഖിയും റാഷിദും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. മുഹമ്മദ് സിറാജിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

ഗ്രൂപ്പ് എ ജേതാക്കളായിട്ടാണ് ഇന്ത്യന്‍ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങിയത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും രോഹിത് ശര്‍മയും സംഘവും ജയിച്ചപ്പോള്‍ കാനഡയ്‌ക്കെതിരായ അവസാന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അമേരിക്കയിലാണ് ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും ഇന്ത്യ കളിച്ചത്.

ആദ്യകളിയില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തുരത്തിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ആറു റണ്‍സിനും ഇന്ത്യ മറികടക്കുകയായിരുന്നു. മൂന്നാം റൗണ്ടില്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഏഴു വിക്കറ്റിനു അവരെ കെട്ടുകെട്ടുച്ച് ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. മറുഭാഗത്ത് ഗ്രൂപ്പ് സിയിലെ രണ്ടാംസ്ഥാനക്കാരായിട്ടാണ് അഫ്ഗാന്റെ സൂപ്പര്‍ എട്ട് പ്രവേശനം. നാലു കളിയില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here