ടി20 ലോകകപ്പില്‍ വമ്പന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ പാകിസ്താനെ തകര്‍ത്ത് അമേരിക്ക. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 159 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ അമേരിക്ക 3 വിക്കറ്റിന് 159 റണ്‍സ് നേടി. സൂപ്പര്‍ ഓവറില്‍ അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് 13 റണ്‍സേ നേടാനായുള്ളൂ. ഇതോടെ പാകിസ്താനെതിരേ ചരിത്ര ജയം നേടിയെടുക്കാന്‍ അമേരിക്കയ്ക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്താനെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് അമേരിക്ക കാഴ്ചവെച്ചത്. സ്പിന്നറെ ഉപയോഗിച്ച് ഇന്നിങ്‌സ് ആരംഭിച്ച അമേരിക്ക രണ്ടാം ഓവറില്‍ പാകിസ്താനെ ഞെട്ടിച്ചു. മുഹമ്മദ് റിസ്വാനെ (8 പന്തില്‍ 9) പുറത്താക്കി സൗരഭ് നേത്രാവല്‍ക്കറാണ് പാകിസ്താന് ആദ്യ പ്രഹരം നല്‍കിയത്. സ്ലിപ്പില്‍ സ്റ്റീവന്‍ ടെയ്‌ലറിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് റിസ്വാന്റെ മടക്കം. മൂന്നാമനായെത്തിയ ഉസ്മാന്‍ ഖാനും കാര്യമായൊന്നും ചെയ്യാനായില്ല.
3 പന്തില്‍ 3 റണ്‍സെടുത്ത ഉസ്മാനെ നോസ്തുഷ് കെന്‍ജിയാണ് മടക്കിയത്. ഇടം കൈയന്‍ താരം ഫഖര്‍ സമാന്‍ പ്രതീക്ഷയോടെയാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയ ഫഖര്‍ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ 7 പന്തില്‍ 11 റണ്‍സെടുത്ത ഫഖറിനെ അമേരിക്കന്‍ ടീമിലെ പാക് വംശജനായ അലി ഖാനാണ് പുറത്താക്കിയത്. ഇതോടെ 26 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്താന്‍ തകര്‍ന്നു. വന്‍ തകര്‍ച്ചയെ പാകിസ്താന്‍ മുന്നില്‍ക്കണ്ടു.
എന്നാല്‍ നാലാം വിക്കറ്റിലൊതുക്കൂടിയ നായകന്‍ ബാബര്‍ ആസമും ഷദാബ് ഖാനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. അതിവേഗം റണ്‍സുയര്‍ത്തിയ ഷദാബ് 25 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സെടുത്ത് മടങ്ങി. 72 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഷദാബിന്റെ മടക്കം. കെന്‍ജിയാണ് ഷദാബിന് മടക്ക ടിക്കറ്റ് നല്‍കിയത്. തൊട്ടടുത്ത പന്തില്‍ അസം ഖാനെ കെന്‍ജി എല്‍ബിയില്‍ കുടുക്കി. അമിത ശരീര ഭാരത്തെത്തുടര്‍ന്ന് ട്രോളുകള്‍ നേരിടുന്ന താരം മോശം പ്രകടനം തുടരുകയാണ്.
വാലറ്റത്ത് ഇഫ്തിഖര്‍ അഹമ്മദ് 14 പന്തില്‍ 18 റണ്‍സെടുത്തപ്പോള്‍ ഷഹിന്‍ ഷാ അഫ്രീദി 16 പന്തില്‍ 23 റണ്‍സോടെ പുറത്താവാതെ നിന്നു. ഹാരിസ് റഊഫും (3) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 7 വിക്കറ്റിന് 159 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് പാകിസ്താനെത്തി. അമേരിക്കയ്ക്കായി കെന്‍ജി മൂന്നും നേത്രാവല്‍ക്കര്‍ 2 വിക്കറ്റും വീഴ്ത്തി. അലി ഖാനും ജസ്ദീപ് സിങ്ങും ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 36 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം സ്റ്റീവന്‍ ടെയ്‌ലറെ (12) നസീം ഷാ മടക്കി.
ന്യൂബോളിലെ പാക് പേസര്‍മാരായ ഷഹീന്‍ ഷാ അഫ്രീദിയുടേയും മുഹമ്മദ് അമീറിന്റേയും പ്രകടനം നിരാശപ്പെടുത്തി. അമേരിക്കയ്ക്കായി രണ്ടാം വിക്കറ്റില്‍ നായകന്‍ മൊനാക് പട്ടേലും ആന്‍ഡ്രിയാസ് ഗൗസും ചേര്‍ന്ന് അടിത്തറ പാകി. 68 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ഗൗസിനെ (35) ഹാരിസ് റഊഫ് പുറത്താക്കി. 26 പന്തില്‍ 5 ഫോറും 1 സിക്‌സുമാണ് ഗൗസ് പറത്തിയത്. നായകന്‍ മൊനാക് പട്ടേല്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.
38 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ മൊനാക് പട്ടേലിനെ മുഹമ്മദ് അമീര്‍ പുറത്താക്കി. ആരോണ്‍ ജോണിസും (26 പന്തില്‍ 36*) നിതീഷ് കുമാറും (14 പന്തില്‍ 14) പൊരുതിയതോടെ അമേരിക്ക 3 വിക്കറ്റിന് 159 റണ്‍സ് നേടി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. സൂപ്പര്‍ ഓവറില്‍ അമേരിക്ക ആദ്യം ബാറ്റ് ചെയ്തപ്പോള്‍ പന്തെറിഞ്ഞത് മുഹമ്മദ് അമീര്‍. മോശം ഫീല്‍ഡിങ്ങും അമീറിന്റെ മൂന്ന് വൈഡും ഉള്‍പ്പെടെ 18 റണ്‍സാണ് അമേരിക്ക നേടിയത്. ഇതോടെ 19 റണ്‍സ് വിജയലക്ഷ്യം പാകിസ്താന് മുന്നില്‍. പാകിസ്താനായി ഫഖര്‍ സമാനും ഇഫ്തിഖര്‍ അഹമ്മദുമാണ് ബാറ്റ് ചെയ്യാനെത്തിയത്. അമേരിക്കയ്ക്കായി നേത്രാവല്‍ക്കറാണ് പന്തെറിയാനെത്തിയത്. പാകിസ്താനെ 13 റണ്‍സിലൊതുക്കി അമേരിക്ക ചരിത്ര ജയം നേടിയെടുത്തു.