അവസാന ലീഗ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിന് തോറ്റ് മടങ്ങി മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈയ്ക്കായി രോഹിത് ശര്‍മ്മയും നമാന്‍ ധിറും അര്‍ധ സെഞ്ച്വറി നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമാണ് മുംബൈക്ക് ലഭിച്ചത്.
ഒന്നാം വിക്കറ്റില്‍ 88 റണ്‍സാണ് രോഹിത്-ബ്രെവിസ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 23 റണ്‍സ് മാത്രമായിരുന്നു ബ്രെവിസിന്റെ സമ്പാദ്യം. 38 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സും അടക്കം 68 റണ്‍സെടുത്ത രോഹിത് മുംബൈയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. സൂര്യകുമാര്‍ യാദവ് (0), ഇഷന് കിഷന്‍ (14), ഹര്‍ദിക് പാണ്ഡ്യ (16), നിഹാല്‍ വധേര എന്നിവര്‍ നിരാശപ്പെടുത്തി.
രോഹിത് നിര്‍ത്തിയിടത്ത് നിന്ന് കത്തിപ്പടര്‍ന്ന നമാന്‍ ധിര്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. നമാന്‍ ധിര്‍ 28 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശക്തമായി തിരിച്ചെത്തിയാണ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലും നിക്കോളാസ് പൂരനുമാണ് ലഖ്നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍താരം ജസപ്രീത് ബുംറയില്ലാതെയാണ് ഇറങ്ങിയത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ബുംറക്ക് പകരക്കാരനായി എത്തിയത്. ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം പന്തില്‍ തന്നെ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി നുവാന്‍ തുഷാര മുംബൈക്ക് മികച്ച തുടക്കം നല്‍കി.
പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന രാഹുലും സ്റ്റോയിനിസും പതിയെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ പിയൂഷ് ചൗള വീണ്ടും മുംബൈയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്റ്റോയിനിസും (28) ദീപക് ഹൂഡയും (11) ചൗളക്ക് മുന്നില്‍ കീഴടങ്ങിയതോടെ ലഖ്നൗ 9.3 ഓവറില്‍ മൂന്നിന് 69 എന്ന നിലയിലായി. എന്നാല്‍ പൂരന്‍ ക്രീസിലെത്തിയതോടെ ലഖ്നൗ ഇന്നിംഗ്സിന് ജീവന്‍ വെച്ചു.
മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ച പൂരന്‍ ലഖ്നൗ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 29 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സുമടക്കം 75 റണ്‍സെടുത്ത പൂരന്‍, നാലാം വിക്കറ്റില്‍ രാഹുലുമായി വിലപ്പെട്ട 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം പൂരനേയും അര്‍ഷദ് ഖാനേയും തൊട്ടടുത്ത പന്തില്‍ പുറത്താക്കിയ തുഷാര വീണ്ടും തിരിച്ചടിച്ചു. അടുത്ത ഓവറില്‍ കെഎല്‍ രാഹുലിനെ (55) പിയൂഷ് ചൗളയും പുറത്താക്കിയതോടെ ലഖ്നൗവിന് ഗ്രിപ്പ് നഷ്ടപ്പെട്ടു. മുംബൈക്കായി നുവാന്‍ തുഷാരയും പിയൂഷ് ചൗളയും മൂന്ന് വിക്കറ്റെടുത്തു.