റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും വ്‌ളാഡിമിര്‍ പുടിന്‍

0
91

റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും വ്‌ളാഡിമിര്‍ പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിൻ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുടിന്‍ വീണ്ടും ചുമതല ഏറ്റെടുത്തത്. ഇനി 2030 വരെ പുടിന് റഷ്യയെ നയിക്കാം.

സത്യപ്രതിജ്ഞക്കു ശേഷം പ്രസിഡന്റിന്റെ ചിഹ്നമുള്‍പ്പെടെയുള്ള അധികാര മുദ്രകള്‍ ഭരണഘടനാ കോടതി ചെയര്‍മാന്‍ വാലെറി സോര്‍കിന്‍ പുടിന് കൈമാറി. ആറു വർഷമാണ് ഭരണകാലാവധി. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യൻ പ്രസിഡന്റ് പദവിയിലിരിക്കുന്ന നേതാവെന്ന ഖ്യാതി പുടിന് സ്വന്തമായി.

മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 87.8% വോട്ട് നേടിയാണ് പുടിന്‍ വിജയിച്ചത്. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകൾ റഷ്യ നേരിടുന്നതിനിടെയാണ് പുടിൻ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുന്നത്. റഷ്യയെ നയിക്കുന്നത് വിശുദ്ധ കർമ്മമാണെന്ന് സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പുടിൻ പറഞ്ഞു.

റഷ്യയുടെ ചരിത്രത്തിലെ ആദ്യ ത്രിദിന വോട്ടെടുപ്പായിരുന്നു ഇത്തവണ നടന്നത്. വിദൂര ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായം ആദ്യമായി ഏര്‍പ്പെടുത്തി. വിദേശത്തുള്ള 19 ലക്ഷം വോട്ടർമാർക്കായി ഇന്ത്യയുള്‍പ്പെടെ അതതു രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നികോളയ് ഖാറിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടി നേതാവ് വ്ലാദിസ്ലാവ് ദാവന്‍കോവ് എന്നിവരായിരുന്നു പുടിന്റെ എതിരാളികള്‍. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here