ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്തെ താറാവുകൾ കൂട്ടത്തോടെ ചത്തതോടെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.പരിശോധനയ്ക്കയച്ച മൂന്ന് സാംപിളുകളും പോസിറ്റീവാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലയിലെ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ കുട്ടനാട്ടിലെ കർഷകരുമായി ബന്ധപ്പെട്ട് താറാവുകളെ നശിപ്പിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കണം. കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല.