കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില സഹകരണ മേഖലയെ തകർക്കാനാണ് ബിജെപിയുടെ ശ്രമം. കരുവന്നൂരിലെ കുറ്റക്കാർക്ക് തക്ക ശിക്ഷ ലഭിക്കാനുള്ള നടപടി സ്വീകരിക്കും.
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനാണ് സംസ്ഥാന സർക്കാരിനെന്നും മുഖ്യമന്ത്രി തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിലെ സഹകരണ മേഖലയോട് ബിജെപിക്ക് ഒരു നിലപാടുണ്ട്. അത് കേരളത്തെ തകർക്കുക എന്ന നിലപാടിൻ്റെ ഭാഗം തന്നെയാണ്. കടുത്ത വിരോധപരമായ സമീപനമാണ് കേരളത്തോട് ബിജെപി സ്വീകരിക്കുന്നത്.
നോട്ട് നിരോധനകാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അക്കാലത്ത് കേരള സർക്കാർ സഹകരണ മേഖലയോട് ഒപ്പം നിന്നു. ജനങ്ങളുടെ വിശ്വാസ്യത ആർജിച്ച മേഖലയാണ് കേരളത്തിലെ സഹകരണ മേഖല. അതിൻ്റെ ഭാഗമായാണ് കോടാനുകോടി രൂപയുടെ നിക്ഷേപവും വായ്പകളും ഓരോ സഹകരണ സ്ഥാപനത്തിലൂടെയും നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കരുവന്നൂരിലെ നിക്ഷേപകർക്ക് ഏകദേശം 117 കോടിയിലധികം രൂപ തിരിച്ചു നൽകി.
ഇനിയും നിക്ഷേപം തിരികെ ആവശ്യമുള്ളവർക്ക് തിരിച്ചു നൽകാൻ ബാങ്ക് തയ്യാറാണ്. കരുവന്നൂർ ബാങ്ക് തകർന്നുപോയിട്ടില്ല. കൃത്യമായ ഇടപാടുകൾ നടത്തിയ മുൻപോട്ടുപോകുകയാണ്. തങ്ങൾ പറഞ്ഞത് കള്ളമല്ല. സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു പോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.