കണ്ണൂർ :കണ്ണൂരിലെ ജനങ്ങള്‍ക്ക് കണിവയ്ക്കാനായി ഒരുങ്ങിയത് ഒരായിരം കാർവർണൻമാർ. ഓടക്കുഴല്‍ ഏന്തി കണ്ണൂർ – തലശേരി ദേശീയ പാതയിലെ കണ്ണോത്തും ചാലിലെ റോഡരികിലാണ് ആയിരത്തിലെറേ കൃഷ്ണ വിഗ്രഹങ്ങള്‍ ഒരുങ്ങിയത്.
രാജസ്ഥാൻ കലാകാരൻമാരായ ഇരുപതോളം പേരാണ് മനോഹരമായി കൃഷ്ണൻ്റെ പല ഭാവങ്ങളിലുള്ള ശില്‍പ്പങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസക്കാലമായി കണ്ണോത്തും ചാലിലെ റോഡരികില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബമായി ഇവർ ട്രെൻഡ് കെട്ടി താമസിച്ചു വരികയാണ് കണ്ണൻ്റെ ഊരെന്ന് അറിയപ്പെടുന്ന കണ്ണൂരില്‍ കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് വിഷുക്കാലത്ത് ആവശ്യക്കാർ ഏറെയാണെന്ന് ഇവർ പറയുന്നു.
കാർമുകില്‍ വർണം മുതല്‍ പല നിറങ്ങളില്‍ പല ഭാവങ്ങളിലാണ് ചെറുതും വലുതുമായ കൃഷ്ണ വിഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 400 രൂപ മുതല്‍ രണ്ടായിരം വരെയാണ് ഓരോന്നിൻ്റെയും വില മയില്‍ പീലി ചൂടി നില്‍ക്കുന്ന രാധാകൃഷ്ണ വിഗ്രഹങ്ങള്‍ മുതല്‍ ഗോപികമാരൊത്ത് ഓടക്കുഴല്‍ ഊതുന്ന കൃഷ്ണ വിഗ്രഹങ്ങള്‍ വരെ ഇവർ നിർമ്മിച്ചിട്ടുണ്ട്. പ്ളാസ്റ്റർ ഓഫ് പാരീസില്‍ ചായങ്ങള്‍ പുശുകയാണ് ചെയ്യുന്നത്.
കാർമുകിലിനെ ഓർമ്മിപ്പിക്കുന്ന നീലയിലും തൂവെള്ളയിലും സ്വർണ നിറത്തിലും അണിയിച്ചൊരുക്കിയ ആയിരത്തിലേറെ കൃഷ്ണ വിഗ്രഹങ്ങളാണ് ഇവർ നിർമ്മിച്ചിട്ടുള്ളത്.വിഷുക്കാലത്ത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി നാടോടി കലാകാരൻമാർ കണ്ണൂരില്‍ കൃഷ്ണ വിഗ്രഹം നിർമ്മിക്കുന്നതിനായി എത്താറുണ്ട്. വിഷു കഴിഞ്ഞാലാണ് നാട്ടിലേക്ക് മടങ്ങി പോവുകയെന്ന് ഇവർ പറയുന്നു.
ഏപ്രില്‍ മാസത്തിലെ കൊടും ചൂടും റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളുടെ പുകയുമേറ്റ് ഇവർ ഏകാഗ്രമായി കൃഷ്ണ വിഗ്രഹങ്ങള്‍ അണിയിച്ചൊരുക്കുന്നത് വിശപ്പടക്കാൻ കൂടിയാണ്.