ഐപിഎല്ലിൽ വമ്പൻ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്.

0
65

ചെപ്പോക്കിൽ വച്ച് നടന്ന മത്സരത്തിൽ 166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺ റൈസേഴ്‌സ് ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ സിഎസ്കെയ്ക്ക് മുൻ‌തൂക്കം നൽകിയില്ല.

ഓപ്പണർമാരായ ട്രാവിസ് ഹെഡും, അഭിഷേക് ശർമ്മയും വെടിക്കെട്ട് ബാറ്റിങ് തന്നെ നടത്തിയപ്പോൾ തന്നെ ചെന്നൈയുടെ വിധി ഏതാണ്ട് വ്യക്തമായിരുന്നു. കൂട്ടത്തിൽ അഭിഷേക് ശർമ്മ തന്നെയായിരുന്നു കൂടുതൽ അപകടകാരി. താരം 12 പന്തിൽ 37 റൺസാണ് നേടിയത്. 24 പന്തിൽ 31 റൺസെടുത്ത ട്രാവിസ് ഹെഡ് മികച്ച പിന്തുണ നൽകി.

പിന്നീട് എത്തിയ ഐഡൻ മാർക്രം ആണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മറ്റൊരു താരം. മാർക്രം അർധ സെഞ്ച്വറി നേടി. മധ്യ ഓവറുകളിൽ വിക്കറ്റ് പോവാതെ ടീമിനെ മുന്നോട്ട് നയിച്ച താരമാണ് ഹൈദരാബാദിനെ ജയത്തിനോട് കൂടുതൽ അടുപ്പിച്ചത്. 36 പന്തിൽ 50 റൺസുമായി മാർക്രം മടങ്ങി. ഷഹബാസ് അഹമ്മദ് 18 പന്തിൽ 19 റൺസും നേടി.

അവസാന നിമിഷം വെടിക്കെട്ട് വീരൻ ഹെൻറിച്ച് ക്ലാസ്ന്റെ ഊഴമായിരുന്നു. നിതീഷ് കുമാർ റെഡ്ഢിയെ കൂട്ടുപിടിച്ച് താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈ നിരയിൽ മോയിൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാറും, മഹീഷ പതിരനായും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി എങ്കിലും ജയത്തിന് അതൊന്നും മതിയാവുമായിരുന്നില്ല. ഒടുവിൽ 11 പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് ഹൈദരാബാദ് ജയം നേടി മടങ്ങുകയായിരുന്നു.

അതേസമയം ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്കോറിലേക്ക് എത്താൻ കഴിയാതെ പോയതോടെയാണ് നിറം മങ്ങിയത്. ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. നായകൻ ഋതുരാജ് ഗെയ്ക്ക്വാദും രചിൻ രവീന്ദ്രയും ചേർന്നാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തത്‌.

എന്നാൽ വലിയൊരു കൂട്ടുകെട്ടിലേക്ക് പോവും മുൻപേ അവരുടെ വിക്കറ്റ് വീഴ്ത്താൻ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കഴിഞ്ഞു. ഒൻപത് പന്തിൽ 12 റൺസ് നേടിയ രചിനാണ് ആദ്യം പുറത്തായത്. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ ക്യാപ്റ്റൻ ഗേയ്ക്ക്വാദും വീണു.

21 പന്തിൽ 26 റൺസെടുത്ത ചെന്നൈ നായകൻ ഷഹബാസ് അഹമ്മദിന് മുൻപിൽ മുട്ടുമടക്കി. പിന്നാലെ എത്തിയ അജിങ്ക്യ രഹാനെ മെല്ലെയാണെങ്കിലും ഇന്നിംഗ്‌സിനെ താങ്ങി നിർത്തിയപ്പോൾ മറുവശത്ത് പുതിയ ഫിനിഷർ ശിവം ദുബെ സ്കോറിംഗ് വേഗം ഉയർത്തി.

രഹാനെ 30 പന്തിൽ 35 റൺസെടുത്തപ്പോൾ ശിവം ദുബെ മറുവശത്ത് ബിഗ് ഹിറ്റുമായി കളം നിറഞ്ഞു കളിച്ചു. എങ്കിലും അർധ സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ താരവും വീണു. രഹാനെയും ദുബെയും പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിൽ ആയി.

എന്നാൽ രവീന്ദ്ര ജഡേജ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശുകയായിരുന്നു. കൂട്ടിന് ഡാരിൽ മിച്ചലും നിന്നെങ്കിലും പ്രതീക്ഷിച്ച സ്കോറിലേക്ക് അവർക്ക് ഉയരാൻ കഴിഞ്ഞില്ല. ജഡേജ 23 പന്തിൽ റൺസാണ് നേടിയത്. മിച്ചൽ 11 പന്തിൽ 13 റൺസും നേടി. ഒടുവിൽ 20 ഓവർ അവസാനിച്ചപ്പോൾ 5 വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസുമായി ചെന്നൈ കൂടാരം കയറി.

LEAVE A REPLY

Please enter your comment!
Please enter your name here