TTE വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൊലപാതകം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിലെ വിരോധം.

0
49

തൃശൂരിൽ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ, വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്‌ഐആർ.

എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കാൽ അടക്കം വേർപെട്ടുപോയിരുന്നു. വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പ്രതി രജനീകാന്തിന് കൂസലില്ലായിരുന്നു. ആർപിഎഫ് ചോദ്യം ചെയ്യുന്നതിനിടെ തള്ളിയെന്നും അവൻ വീണുവെന്നും പ്രതി പറഞ്ഞു. റെയിൽവേ പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here