വരുന്നത് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ഓപണിം​ഗ്.

0
52

റിലീസിന് മുന്‍പ് മറുഭാഷാ പ്രേക്ഷകരില്‍ നിന്നും ശ്രദ്ധ കിട്ടുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് അങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ആടുജീവിതത്തിലൂടെ അത് സംഭവിച്ചിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്‍റെ 16 വര്‍ഷത്തെ അധ്വാനമാണ് ആടുജീവിതമെന്ന സിനിമ. ഒപ്പം പൃഥ്വിരാജ് എന്ന നടന്‍റെ അര്‍പ്പണവും. നാളെയാണ് ലോകമെമ്പാടും ചിത്രം തിയറ്ററുകളിലെത്തുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗിലൂടെ വീണ്ടും നേട്ടം കൊയ്തിരിക്കുകയാണ് ചിത്രം. ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അവതരിപ്പിക്കുന്ന കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 1.55 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റിരിക്കുന്നത്. അതില്‍ നിന്ന് ലഭിച്ചിരിക്കുന്ന കളക്ഷന്‍ 2.50 കോടിയും! പൃഥ്വിരാജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിരിക്കും ആടുജീവിതമെന്ന് ഉറപ്പിച്ചിട്ടുണ്ട് ട്രേഡ് അനലിസ്റ്റുകള്‍. പ്രീ സെയിലില്‍ മുന്നിട്ടുനിന്ന കിംഗ് ഓഫ് കൊത്തയെയും മലൈക്കോട്ടൈ വാലിബനെയുമൊക്കെ ചിത്രം മറികടക്കാനുള്ള സാധ്യതയും അനലിസ്റ്റുകള്‍ മുന്നില്‍ കാണുന്നുണ്ട്.

വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

LEAVE A REPLY

Please enter your comment!
Please enter your name here