ഞാന്‍ ക്യാപ്റ്റനായതു മുതല്‍ എനിക്കു മുഴുവന്‍ ടീമിനെ ലഭിച്ചിട്ടില്ല :രോഹിത് ശര്‍മ.

0
81

വ്യാഴാഴ്ച ധരംശാലയില്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയയിരുന്നു ഹിറ്റ്മാന്‍. സ്ഥിരം നായകനായതിനു ശേഷം തനിക്കു ഒരിക്കല്‍പ്പോലും ഇന്ത്യയുടെ ഫുള്‍ ടീമിനെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയെ പരോക്ഷമായി വിമര്‍ശിക്കുകയാണോ ഇതിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്. ഭാര്യ അനുഷ്‌കാ ശര്‍മയുടെ രണ്ടാം പ്രസവവുമായി ബന്ധപ്പെട്ടാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും കോലി മാറി നിന്നത്.

കൂടാതെ പരിക്കു കാരണം കെഎല്‍ രാഹുല്‍ ഒരു ടെസ്റ്റില്‍ മാത്രമേ കളിച്ചുള്ളൂ. രവീന്ദ്ര ജഡേയ്ക്കു പരിക്കു മൂലം ഒരു ടെസ്റ്റ് നഷ്ടമായപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു ഓരോ ടെസ്റ്റില്‍ വിശ്രമം നല്‍കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറിയ ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ തനിക്കു ഫുള്‍ ടീമിനെ ലഭിച്ചിട്ടുള്ളൂവെന്നാണ് രോഹിത് പറയുന്നത്. ഞാന്‍ ഭാവി പ്രവചിക്കാറില്ല. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പര ആരംഭിക്കുമ്പോള്‍ എന്താണ് നമ്മുടെ കരുത്തെന്നും എതിരാളികളുടെ ശക്തിയെന്നും അറിയാമായിരുന്നു.

എന്റെ റോളെന്നത് ബാറ്ററുടേതാണ്, എനിക്കു റണ്‍സെടുക്കുകയും വേണം. ഞാന്‍ ക്യാപ്റ്റനായതു മുതല്‍ എനിക്കു മുഴുവന്‍ ടീമിനെ ലഭിച്ചിട്ടില്ല. ഇതൊരു ഒഴികഴിവല്ല. ടീമിലെ അന്തരീക്ഷം നല്ല രീതിയില്‍ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ട് നന്നായി കളിക്കുകയും ഷോട്ടുകള്‍ പായിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെയിരിക്കേണ്ടത് ആവശ്യമായിരുന്നു. കൂടാതെ സ്വയം പിന്തുണയ്ക്കുകയും ചെയ്യേണ്ടിയിരുന്നതായും രോഹിത് വിശദമാക്കി.

2022ലായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി രോഹിത് ചുതലയേല്‍ക്കുന്നത്. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കിടെ തികച്ചും അപ്രതീക്ഷിതമായി കോലി നായകസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തൊടുമുമ്പത്തെ വര്‍ഷം ടി20 ലോകകപ്പിനു പിന്നാലെ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി കോലി ഒഴിഞ്ഞിരുന്നു. അധികം വൈകാതെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ ബിസിസിഐ നീക്കുകയും പകരം രോഹിത്തിനെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു. അതിനു ശേഷമായിരുന്നു ടെസ്റ്റില്‍ നിന്നും കോലിയുടെ അപ്രതീക്ഷിത രാജി.

2022ല്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ആദ്യമിറങ്ങിയത്. ഈ പരമ്പരയില്‍ ഇന്ത്യ വിജയം കൊയ്യുകയും ചെയ്തു. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഓസ്‌ട്രേലിയയുമായി നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടിയത്. ഇതിലും ടീം വിജയം കൊയ്തു. അതിനു ശേഷമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യ കളിച്ചത്. പക്ഷെ ഓസ്‌ട്രേലിയയോടു വന്‍ പരാജയമേറ്റു വാങ്ങിയ ഇന്ത്യ കിരീടം കൈവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here