ഗാസയില്‍ വീണ്ടും അക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. വ്യാഴാഴ്ച വൈകീട്ട് ഒരു സഹായ വിതരണ കേന്ദ്രത്തിലേക്ക് നടത്തിയ വെടിവെയ്പ്പില്‍ 104 പേർ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എഴുന്നൂറിലേപ്പേർക്ക് പരിക്കേറ്റതായും ഇതില്‍ തന്നെ നിരവധി പേരുടെ നില ഗുരുതരമാണെന്നും പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കന്‍ ഗാസ സിറ്റിയിൽ “ഭീഷണി ഉയർത്തുന്നു” എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതായി ഇസ്രായേൽ വൃത്തങ്ങളും സ്ഥിരീകരിച്ചു. ആക്രമണത്തെ ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം “കൂട്ടക്കൊല” എന്നാണ് വിശേഷിപ്പിച്ചത്. നിരായുധരായ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നുവെന്നും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അപകടമുണ്ടായെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യം തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, പിന്നീട് സൈന്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ജനക്കൂട്ടം എത്തിയതോടെ വെടിയുതിര്‍ത്തതാണെന്ന് ഇസ്രയേല്‍ എഎഫ്പിയോട് പറഞ്ഞു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റതിനാല്‍ എല്ലാവരേയും എത്തിക്കാന്‍ മതിയായാ ആംബുലന്‍സുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഇതോടെ പലരേയും കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് കമാല്‍ അദ്‍വാന്‍ ആശുപത്രി വക്താവ് ഫാരിസ് അഫാന പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ ആളുകളെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ സംഭവത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മരണപ്പെട്ടവരുടെ എണ്ണം 30,000 ആയി ഉയർന്നതായും ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.