പാകിസ്ഥാന്റെ ഐഎസ്‌ഐക്ക്(ISI) വേണ്ടി ചാരപ്പണി(spy) നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനെ ഒരു സ്ത്രീ ഹണി ട്രാപ്പില്‍ കുടുക്കിയതായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (ATS). യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേനയുടെയും ഇന്ത്യന്‍ നാവികസേനയുടെയും ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സതേന്ദ്ര സിവാള്‍ പാകിസ്ഥാനുമായി പങ്കുവെച്ചിരുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ഹാപൂരിലെ ഷഹ്‌മഹിയുദ്ദീന്‍പൂര്‍ സ്വദേശിയാണ്. നിലവില്‍ ഫെബ്രുവരി 16 വരെ 10 ദിവസത്തെ എടിഎസ് റിമാന്‍ഡിലാണ് ഇയാള്‍.
‘പൂജ മെഹ്റയെന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉണ്ടാക്കിയ യുവതിയുമായി കഴിഞ്ഞ വര്‍ഷം സിവാള്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് സിവാളിനെ യുവതി ഹണി ട്രാപ്പില്‍ കുടുക്കുകയും പണത്തിനായി രഹസ്യ രേഖകള്‍ പങ്കിടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു,’ മീററ്റിലെ എടിഎസ് ഇന്‍സ്‌പെക്ടര്‍ രാജീവ് ത്യാഗി പറഞ്ഞു. യുവതിയുമായി പങ്കുവെച്ച രേഖകള്‍ ഇപ്പോഴും തന്റെ ഫോണിലുണ്ടെന്ന് സിവാള്‍ അവകാശപ്പെട്ടു. ഇയാളുടെ ഫോണിന്റെയും മറ്റ് ഗാഡ്ജെറ്റുകളുടെയും ഫോറന്‍സിക് പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടിഎസ്, ഇലക്ട്രോണിക്, ഫിസിക്കല്‍ നിരീക്ഷണത്തിലൂടെ നടത്തിയ അന്വേഷണത്തില്‍, ഐഎസ്‌ഐ ഹാന്‍ഡ്ലര്‍മാരുടെ ശൃംഖലയുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ് യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021 മുതല്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ IBSA ആയി ജോലി ചെയ്തിരുന്ന സിവാളിനെ ഫെബ്രുവരി 4 ന് ലഖ്നൗവില്‍ വെച്ച് എടിഎസിന്റെ മീററ്റ് യൂണിറ്റ് അറസ്റ്റ് ചെയ്തു.
ഐപിസി സെക്ഷന്‍ 121 എ (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), 1923 ലെ ഔദ്യോഗിക രഹസ്യ നിയമം എന്നിവ പ്രകാരം ലഖ്നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ സിവാളിന് കഴിഞ്ഞില്ല. കൂടാതെ കുറ്റം സമ്മതിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങളുടെയും തന്ത്രപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യവിവരങ്ങളാണ് സിവാള്‍ പണത്തിനായി നല്‍കുന്നതെന്ന് എടിഎസ് നേരത്തെ പറഞ്ഞിരുന്നു.
ഈ കേസില്‍ സിവാളിന്റെ അറസ്റ്റും അന്വേഷണ അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും അറിയാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, സിവാളിന്റെ കുടുംബാംഗങ്ങള്‍ സ്വന്തം ഗ്രാമമായ ഹാപൂരിലെ വീട് വിട്ട് മറ്റൊരിടത്തേക്ക് മാറിയതായി പോലീസ് പറഞ്ഞു.