ലോക സര്‍ക്കാര്‍ ഉച്ചകോടി: ത്രിവര്‍ണ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ.

0
61

ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ (World Government Summit) പങ്കെടുക്കുന്നതിന് ദുബായില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പ്രദർശിപ്പിച്ചാണ് സ്വാഗതം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിനിടെ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സഹകരണത്തിന്റെ ഉത്തമമായ മാതൃകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് വാഴ്ത്തിയ അദ്ദേഹം പ്രധാനമന്ത്രിയെ ദുബായിലേക്ക് സ്വാഗതം ചെയ്തു.

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണം സ്വീകരിച്ച് ദുബായിലെത്തിയ പ്രധാനമന്ത്രി 2024-ലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സമ്മേളത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. “ഈ വര്‍ഷത്തെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ വിശിഷ്ടാതിഥി രാജ്യമായ ഇന്ത്യയെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഞങ്ങള്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അന്താരാഷ്ട്ര സഹകരണത്തിന്റെ മികച്ച മാതൃകയാണ്,” എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ദുബായ് കിരീടവകാശി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ത്രിവര്‍ണപതാക പ്രദര്‍ശിപ്പിച്ചതിന്റെ ചിത്രമടക്കമാണ് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഭരണത്തിലെ മികച്ച സമ്പ്രദായങ്ങള്‍, വിജയങ്ങള്‍, ഭാവിയ്ക്ക് വേണ്ടിയുള്ള സംരംഭങ്ങള്‍ എന്നിവ പങ്കിടുന്ന ഒരു പ്രധാന വേദിയാണ് ലോക സര്‍ക്കാര്‍ ഉച്ചകോടിയെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഈ അന്താരാഷ്ട്ര പരിപാടിയില്‍ ഇന്ത്യയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇക്കാലത്തിനിടെ ഇന്ത്യ നേടിയ വികസനനേട്ടങ്ങളും സംരംഭങ്ങളും പദ്ധതികളും ഉച്ചകോടിയിൽ പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യക്ക് അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനിടെ യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

2023 ഓഗസ്റ്റ് 15-ന് 77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം ദേശീയ ഗാനമായ ജനഗണമന പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here