മൂത്രാശയ വ്യവസ്ഥയുടെ ഏത് ഭാഗത്തെയും ബാധിക്കാവുന്ന അണുബാധയാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത് അനുസരിച്ച് ചർമ്മത്തിൽ നിന്നോ മലാശയത്തിൽ നിന്നോ മൂത്രനാളിയിൽ ബാക്ടീരിയ പ്രവേശിച്ചാണ് ഈ അണുബാധ ഉണ്ടാകുന്നത്.
സ്ത്രീകളിൽ, ചെറിയ മൂത്രനാളികളും മലാശയത്തോട് അടുത്തതും ആയതിനാൽ അപകടസാധ്യത കൂടുതലാണ്. ഇത് വേഗത്തിൽ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രമൊഴിക്കുമ്പോൾ വേദനയും ചൊറിച്ചിലും ഉണ്ടാകുന്നതും മൂത്രമൊഴിക്കുന്നതിനൊപ്പം രക്തം കാണപ്പെടുന്നതും മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്.ഇത്തരത്തിലുള്ള ലക്ഷണങ്ങൾ എന്തെങ്കിലും ശ്രദ്ധിയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
മെഡിക്കൽ സഹായം തേടുന്നതിനൊപ്പം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളും മൂത്രാശയ അണുബാധയിൽ നിന്ന് ആശ്വാസം നൽകും. മല്ലി വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയിൽ നിന്ന് ആശ്വാസം നൽകുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.ഇത് വൃക്കകളുടെ ആരോഗ്യം മികച്ചതാക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
മല്ലി വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മൂത്രാശയ വ്യവസ്ഥയുടെ ശുചിത്വം മികച്ചതാക്കാനും സഹായിക്കുന്നു. മല്ലിയുടെ ആന്റി ഇൻഫ്ലമേറ്ററി ആന്റി മൈക്രോബയൽ ഗുണങ്ങൾ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
ഒരു ടീസ്പൂൺ മല്ലി വിത്ത് ഒന്നര കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഇത് സഹായിക്കും.