കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച് പ്രതിഷേധ ധർണയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ജനാധിപത്യവിരുദ്ധമായിട്ടാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ജന്തർ മന്തറിൽ കേരള സർക്കാരിന്റെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഫെബ്രുവരി ഒന്നിന് കേന്ദ്ര അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. നികുതി ബാധ്യതകൾ എല്ലാം കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പുക്കുകയാണ്. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കേന്ദ്രം ലംഘിക്കുന്നതിനെതിരെയാണ് ഈ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ജന്തർ മന്തറിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയുടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്, നാഷ്ണൽ കോൺഫ്രൻസ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിന്റെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ സിപിഎം നേതാക്കളായ സീതറാം യച്ചൂരി, പ്രകാശ് കാരാട്ട്, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ സമരത്തിൽ പങ്കെടുത്തു.