ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റിലുള്ളത് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണിത് എന്നും മോദി പറഞ്ഞു.
2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നതെന്നും മോദി വ്യക്തമാക്കി. ബജറ്റില്‍ രണ്ട് സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ബജറ്റിന് തുടര്‍ച്ചയുടെ ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിങ്ങനെ രാജ്യത്തിന്റെ നാല് സ്തംഭങ്ങളേയും ഇത് ശാക്തീകരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍ ഒരു തരത്തില്‍ ഇത് ‘മധുരം’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് എണ്ണമറ്റ പുതിയ തൊഴിലവസരങ്ങളും ഒരുക്കും എന്നും മോദി അവകാശപ്പെട്ടു. ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താത്തത് മധ്യവര്‍ഗത്തില്‍ നിന്നുള്ള ഒരു കോടി ആളുകള്‍ക്ക് ആശ്വാസം നല്‍കും എന്നും ഈ ബജറ്റില്‍ കര്‍ഷകര്‍ക്കായി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് എന്നും മോദി പറഞ്ഞു.
ദരിദ്രരുടെയും ഇടത്തരക്കാരുടെയും ശാക്തീകരണത്തിനും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നു. ദരിദ്രര്‍ക്കായി 2 കോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് 3 കോടി ‘ലാഖ്പതി ദിദികളെ’ ആണ് എന്നും മോദി പറഞ്ഞു. ആശ, അഗന്‍വാടി പ്രവര്‍ത്തകര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.