പനമരം ബിവറേജില്‍നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. കരിമ്പുമ്മല്‍ സ്വദേശികളായ നാല് പേരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെ രാത്രി 8.30ഓടെയാണ് കേസിനസ്പദമായ സംഭവം. കരിമ്പുമ്മല്‍ സ്വദേശികളായ സുധി, സുരേഷ്, മാത്തൂര്‍ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിന്‍ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തും സംഘവും പിടികൂടിയത്. പനമരം ഔട്ട്‌ലെറ്റിലെത്തിയ പ്രതികള്‍ മദ്യം എടുത്ത് കൊടുക്കാന്‍ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും 4 ബോട്ടിൽ മദ്യം എടുത്തുകൊണ്ടുപോയി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പ്രദേശത്തെ ഉത്സവ നഗരിയിൽ വെച്ച് പിടികൂടി. പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.