ഗുജറാത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചതായി വിവരം. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. പല റിപ്പോർട്ടുകളും പല കണക്കുകളാണ് മരണസംഖ്യയുടെ കാര്യത്തിൽ പറയുന്നത്. ഏറ്റവുമൊടുവിലെത്തിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം 13 കുട്ടികളും 2 അധ്യാപകരുമടക്കം 15 പേർ മരിച്ചിട്ടുണ്ട്.
വിനോദയാത്രക്കെത്തിയ 34 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുകയാണ്. 10 പേരെ രക്ഷപ്പെടുത്തിയതായി മന്ത്രി രുഷികേശ് പട്ടേലിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ദേശീയ ദുരന്തനിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
അഗ്നിരക്ഷാ സേനയും തിരച്ചിലിനുണ്ട്.രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് വിനോദയാത്രയുടെ ഭാഗമായി ബോട്ടിൽ കേറിയത്. വിദ്യാർത്ഥികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.തടാകത്തിനടിയിൽ കുഴഞ്ഞുകിടക്കുന്ന ചെളി കാരണം രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരിക്കുകയാണ്.
കാണാതായവർ ഈ ചെളിയിൽ പൂണ്ട് കിടപ്പുണ്ടാകുമെന്നാണ് കരുതുന്നത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.