ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഇനി ഷർട്ട് ധരിച്ച് കയറാം

0
64

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഇനി ഷർട്ട് ധരിച്ച് കയറാം. പുരുഷന്മാർക്ക് മേൽവസത്രം ധരിച്ച് കയറാമെന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അറിയിച്ചു. പുരുഷന്മാർ ക്ഷേത്രത്തിൽ മേൽവസത്രം ധരിച്ചു കയറുന്നതുസംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.വസ്ത്രധാരണം സ്വീകാര്യതയാണെന്നും മാന്യത നിലനിർത്തണ മെന്നേയുള്ളൂ എന്നും രാധാകൃഷ്ണൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്.

കാലോചിതമായ മാറ്റം എല്ലാ മേഖലയിലും ആവശ്യമാണ്. ക്ഷേത്രദർശനത്തിന് പ്രത്യേക വസ്ത്രധാരണരീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ലെന്നും രാധാകൃഷ്ണൻ നമ്പൂതിരിയെ ഉദ്ധരിച്ച് മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്തു.ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് പുരുഷന്മാർ ഷർട്ട് അഴിക്കണമെന്ന സമ്പ്രദായം തിരുത്തണമെന്ന നിർദേശവുമായി ശിവഗിരി മഠം മേധാവി സ്വാമി സച്ചിദാനന്ദ രംഗത്തെത്തിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കായത്.

സ്വാമി സച്ചിദാനന്ദയുടെ നിർദേശത്തെ പിന്തുണച്ച മുഖ്യന്ത്രി പിണറായി വിജയൻ, സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം വലിയ സാമൂഹിക ഇടപെടലാണെന്ന് പ്രശംസിച്ചിരുന്നു.എന്നാൽ ഇതിനെതിരായ നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചത്. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. സമാന പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാറും യോഗക്ഷേമ സഭയും രംഗത്തെത്തിയിരുന്നു.

എന്നാൽ ഷർട്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന നിലപാടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ സ്വീകരിച്ചത്.ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ടെന്നും അത് പാലിക്കാൻ പറ്റുന്നവർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മതിയെന്നുമായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. ക്ഷേത്രത്തിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് താന്ത്രിമാരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെ തള്ളുന്ന രീതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണോ വേണ്ടയോ എന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്നായിരുന്നു യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വ്യക്തമാക്കിയത്. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയതല്ലെന്നും മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാനുളള സ്വാതന്ത്യമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here