കെഎസ്ആർടിസി ബസുകൾ ഏറ്റവും കൂടുതൽ ഓടുന്നത് റെയിൽവേ സൗകര്യം ഇല്ലാത്ത മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ്. ഈ മേഖലകളാണ് കെഎസ്ആർടിസിക്ക് പണമുണ്ടാക്കി കൊടുക്കുന്നതും. എന്നാൽ ഇലക്ട്രിക് ബസുകൾക്ക് ഈ മേഖലകളിലേക്ക് പോകുവാൻ കഴിയില്ല. ഇത്തരം മേഖലകളിൽ സഞ്ചരിക്കുവാൻ ഈ ബസ്സുകൾക്ക് ബുദ്ധിമുട്ടാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കുന്നു. മിക്കവാറും ഇലക്ട്രിക് ബസുകളിൽ ആളില്ല.
പത്തു രൂപ നിരക്കിലാണ് ബസുകൾ ഓടുന്നത്. 100 പേർക്ക് ഈ ബസ്സിൽ കയറുവാനുള്ള സൗകര്യം ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.ഒരുപക്ഷേ 100 യാത്രക്കാർ ബസ്സിൽ കയറിയാൽ തന്നെ പത്തു രൂപ വച്ച് വെറും 1000 രൂപ മാത്രമേ വരുമാനമായി ലഭിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബസിന് കറണ്ട് ചാർജ്, ഡ്രൈവറുടെ ശമ്പളം എന്നിവയൊക്കെ കണക്കുകൂട്ടുമ്പോൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല കിലോമീറ്റർ 28 പൈസ വച്ച് കെഎസ്ആർടി സ്വിഫ്റ്റിന് നൽകുകയും വേണം.
ഒരു ഇലക്ട്രിക് ബസ് 100 കിലോമീറ്റർ ഓടുമ്പോൾ എത്ര രൂപ മിച്ചമുണ്ടെന്ന് ഈ കണക്ക് പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഗണേഷ് കുമാർ പറയുന്നു. ഗണേഷ് കുമാറിൻ്റെ ഈ തുറന്നുപറച്ചിലൂടെ കോടികൾ ചിലവാക്കി തിരുവനന്തപുരം നഗരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾക്ക് എന്തു സംഭവിക്കുമെന്ന് ആശങ്കയിലാണ് യാത്രക്കാർ. തിരുവനന്തപുരം നഗരത്തിൽ ഓടുന്ന സിറ്റി സർക്കുലർ സർവീസ് ലാഭകരമാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ അതിനെ നിരാകരിക്കുന്ന വിവരങ്ങളാണ് മന്ത്രി പുറത്തുവിട്ടിരിക്കുന്നത്. സിറ്റി സർവീസര്‍ക്കുലർ വലിയ ലാഭം ഉണ്ടാക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ ഈ സർവീസിൻ്റെ ഭാവി എന്തായിരിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നതും. നിലവിൽ സിറ്റി സർക്കുലർ സർവ്വീസിൽ 95 ശതമാനവും ഇലക്ട്രിക് ബസുകളാണെന്നിരിക്കെ ഇവ നിർത്തലാക്കിയാൽ യാത്രാ സൗകര്യത്തെ ബാധിക്കുമോയെന്നാണ് യാത്രക്കാർ ഉത്കണ്ഠപ്പെടുന്നതും.