സൈബര്‍ ആക്രമണത്തില്‍ പിന്തുണച്ചില്ല; ഗായക സംഘടനയില്‍നിന്ന് സൂരജ് സന്തോഷ് രാജിവച്ചു.

0
66
തിരുവനന്തപുരം: സിനിമാ ഗായകരുടെ സംഘടനയായ ‘സമ’ (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) യില്‍ നിന്നു യുവ ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു.
സൈബര്‍ ആക്രമണത്തില്‍ തന്നെ സംഘടന പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ എസ് ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണ് സൂരജ് വിമര്‍ശിച്ചത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമര്‍ശനം. വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.

തനിക്കെതിരെ ഇപ്പോള്‍ സംഘടിത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും. ഇതിനുമുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലൂടെ സൂരജ് പറഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താൻ തളരില്ല, തളര്‍ത്താൻ പറ്റില്ല എന്നും കൂട്ടിച്ചേര്‍ത്തു.

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

“കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുകയാണ്. ഞാൻ നേരത്തെയും ഇത് നേരിട്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതല്‍ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ഉറപ്പായും ഞാൻ നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ നല്‍കുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താൻ പറ്റുകയും ഇല്ല”- സന്തോഷ് സൂരജ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.

ഇതിനിടെ സൂരജ് സന്തോഷിന് പിന്തുണയുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ മനോജ് രാംസിംഗ് എത്തിയിരുന്നു. തന്‍റെ അടുത്ത സിനിമയില്‍ സൂരജ് പാടുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here