കാസര്‍കോഡ് തൃക്കരിപ്പൂരില്‍ തെരുവുനായ ആക്രമണം. അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നരവയസുകാരനെയാണ് തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിച്ചു. കുഞ്ഞിന്‍റെ നിലവിളികേട്ട് വീട്ടുകാരെത്തിയതോടെ നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയി. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്ക് സാരമായി മുറിവേറ്റ കുഞ്ഞിനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയൽവാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോള്‍ കുഞ്ഞിനെ തെരുവുനായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. നായകളിലൊന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. കുട്ടിയുടെ തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.