പ്രധാനമന്ത്രി ഗുരുവായൂരിൽ,

0
79

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ  മകള്‍ ഭാ​ഗ്യ സുരേഷിൻ്റെ  വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗുരുവായൂർ ക്ഷേത്രത്തിലെത്തി. കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. പ്രധാനമന്ത്രി  നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. മമ്മൂട്ടി, മോഹൻലാൽ, ഖുഷ്ബു തുടങ്ങിയ താരങ്ങൾ നേരത്തെ വിവാഹ വേദിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന് പിന്നാലെ  തൃപ്രയാർ സന്ദർശനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

കനത്ത സുരക്ഷയാണ് ഗുരുവായൂർ തൃപ്രയാർ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.  പ്രധാനമന്ത്രി എത്തുന്നതിന് 20 മിനിറ്റ് മുൻപ് രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ ഹെലിപ്പാഡിൽ കവചമായി നിർത്തിയിരുന്നു. ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി ഗുരുവായൂർ ശ്രീവത്സം ​ഗസ്റ്റ് ഹൗസിലാണ് എത്തിയത്. തുടർന്ന് 7.40 ഓടെ അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുകയായിരുന്നു. 20 മിനിറ്റ് സമയം അദ്ദേഹം ദർശനത്തിനായി ചിലവഴിക്കുമെന്നാണ് വിവരങ്ങൾ.

തുടർന്ന് പ്രധാനമന്ത്രി താമര കൊണ്ടു തുലാഭാരം നടത്തുമെന്നുള്ള സൂചനകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രാവിലെ 8.45നാണ് സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ്. അതിനൊപ്പം തന്നെ മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും. നാളെ 80 വിവാ​ഹങ്ങളാണ് ​ഗുരുവായൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രി ദർശനത്തിനായി എത്തുമ്പോൾ ഉദ്യോ​ഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേർക്ക് അകത്ത് നിൽക്കാൻ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അം​ഗങ്ങൾക്ക് കൊടി മരത്തിനു സമീപം നിൽക്കാം. സുരക്ഷാ നടപടികൾക്കായി 3,000 പൊലീസുകാരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളിൽ താലി കെട്ടുന്ന വധൂവരൻമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിൻ്റെ സർട്ടിഫിക്കറ്റ് കൈമാറണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here