ദുബായ്: ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് തടയാൻ 46ഓളം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി യുഎഇ സാമ്പത്തിക മന്ത്രാലയം.ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപയോളം പിഴ ഈടാക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.യുഎഇയിൽ ആദ്യമായാണ് ഇത്രയും വലിയ നിയമലംഘനങ്ങൾ ഭേദഗതിയിൽ കൊണ്ടുവരുന്നത്.
46ഓളം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്താനാണ് തീരുമാനമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ സലാഹ് പറഞ്ഞു.വിൽപ്പന നടത്തിയ ഉൽപ്പനത്തിന് തകരാർ കണ്ടെത്തിയാൽ അത് നിശ്ചിത സമയത്ത് റിപ്പയർ ചെയ്യുന്നതിനോ പരിപാലിക്കുന്നതിനോ വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിനോ സാധനങ്ങൾ തിരികെ എടുത്ത് റീഫണ്ട് ചെയ്യുന്നതിനോ പരാജയപ്പെട്ടാൽ വിതരണക്കാരൻ 25,000 ദിർഹം പിഴയായി ഒടുക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.സുരക്ഷ, ആരോഗ്യത്തിന്റെയും നിയമ വ്യവസ്ഥകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ 20,000 ദിർഹം പിഴ ഒടുക്കേണ്ടി വരും.
ഗുരുതരമായ ചില നിയമലംഘനങ്ങൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് വരെ കാരണമായേക്കും.നിയമലംഘനങ്ങൾ തുടരുന്നവർക്കും ലൈസൻസ് റദ്ദാക്കുന്ന നടപടികൾ നേരിടേണ്ടി വന്നേക്കും.നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഉയർന്ന പിഴ അടക്കമുള്ളവ ചുമത്താൻ മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്ത് ഉപഭോക്താക്കളുടെ പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഉടനടി പരിഹരിക്കുന്നതിനുമായി സാമ്പത്തിക മന്ത്രാലയം നിലവിൽ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് വരികയാണ്.
ഇത്തരം നിയമലംഘനങ്ങൾ തടയുന്നത് ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ വിപണികളിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സഹായിക്കും.അതേസമയം, പ്രവാസികൾ അടക്കമുള്ള വിതരണക്കാർ സാമ്പത്തിക മന്ത്രാലയത്തിന്റെ ഉത്തരവ് ഗൗരവത്തോടെ കാണേണ്ടതുണ്ട്.യുഎഇയിലെ വിതരണ മേഖലയിൽ വിദേശികൾക്കടക്കം സുപ്രധാന പങ്കാണുള്ളത്.