ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരുന്നു. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഭ്രമയുഗത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. തീർത്തും ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ് ടീസറിലെ രംഗങ്ങൾ.
ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മമ്മൂട്ടിക്ക് പുറമേ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവർ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. ഒരു ദുർമന്ത്രവാദിയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂർത്തീകരിച്ചത്.
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് റോനെക്സ് സേവ്യർ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.