പത്മശ്രീ മടക്കി നല്‍കി ബജ്‌റംഗ് പൂനിയ;

0
81

ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ(Bajrang Punia) തന്റെ പത്മശ്രീ(Padma Shri) പുരസ്‌കാരം തിരിച്ചു നല്‍കി. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം കത്തെഴുതുകയും ചെയ്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇന്നലെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് താന്‍ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്രംഗ് പുനിയയുടെ നീക്കം.

‘എന്റെ പത്മശ്രീ പുരസ്‌കാരം ഞാന്‍ പ്രധാനമന്ത്രിക്ക് തിരികെ നല്‍കുന്നു. അത് പറയാനുള്ള കത്താണിത്…’, താരം എക്‌സില്‍ കുറിച്ചു.

”പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, താങ്കള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ പല ജോലികളിലും തിരക്കിലായിരിക്കണം. പക്ഷേ രാജ്യത്തെ ഗുസ്തിക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ ഇത് എഴുതുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് രാജ്യത്തെ വനിതാ ഗുസ്തിക്കാര്‍ പ്രതിഷേധം തുടങ്ങിയത് താങ്കള്‍ അറിഞ്ഞ് കാണും. ഞാനും അവരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. സര്‍ക്കാര്‍ ശക്തമായ നടപടി വാഗ്ദാനം ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു.’, താരം കത്തില്‍ പറയുന്നു.

‘എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ ഉണ്ടായില്ല. അതിനാല്‍ ഞങ്ങള്‍ ഏപ്രിലില്‍ വീണ്ടും തെരുവിലിറങ്ങി. ഇതോടെ ഡല്‍ഹി പോലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ എങ്കിലും ഫയല്‍ ചെയ്തു. ജനുവരിയില്‍ 19 പരാതിക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ എണ്ണം കുറഞ്ഞു. ഏപ്രിലില്‍ 7 ആയി മാറി. ഇതിനര്‍ത്ഥം ബ്രിജ് ഭൂഷണ്‍ തന്റെ സ്വാധീനം ചെലുത്തി മറ്റ് 12 ഗുസ്തിക്കാരെ അവരുടെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ്.’, പൂനിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here