മൂന്നാം ഏകദിനത്തില്‍ 78 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ ഏകദിന പരമ്പര നേടിയത്. മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 218 റണ്‍സില്‍ പുറത്താകുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം 108 റൺസാണ് സഞ്ജു നേടിയത്. പതിവില്‍ നിന്ന് വ്യത്യസ്തനായി മൂന്നാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്.
101ന് മൂന്ന് എന്ന് ഇന്ത്യ തകര്‍ന്നപ്പോള്‍ സഞ്ജുവും തിലക് വര്‍മ്മയും ഒന്നിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. 77 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം തിലക് 52 റണ്‍സെടുത്തു.
ഒപ്പം റിങ്കു സിംഗ് നേടിയ 38 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അരങ്ങേറ്റ ഏകദിനം കളിക്കുന്ന രജത് പട്ടിദാര്‍ 16 പന്തില്‍ 22 റണ്‍സെടുത്തു.മറുപടി ബാറ്റിംഗില്‍ ടോണി സോര്‍സി ഇത്തവണയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പക്ഷേ 81 റണ്‍സെടുത്ത സോര്‍സിക്കുമപ്പുറം മറ്റാരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയില്ല എന്നതാണ് സത്യം.
36 റണ്‍സെടുത്ത് എയ്ഡാന്‍ മാക്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് നാല് വിക്കറ്റെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ഇരു ടീമുകളും പങ്കിട്ടിരുന്നു. മികച്ച തുടക്കമായിരുന്നു ദക്ഷിഫ്രിക്കയുടേത്. എന്നാൽ റീസ ഹെന്‍ഡ്രിക്‌സിനെ അർശ്ദീപ് പുറത്താക്കിയതോടെ പിന്നെ വന്നവരാരും തിളങ്ങിയില്ല.
എന്നാൽ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നുവെങ്കിലും ക്രിസ്മസ് സമ്മാനം പോലെ സഞ്ജുവിന്റെ സെഞ്ചുറിയാണ് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്. 114 പന്തിൽ നിന്നും 108 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറി ആയിരുന്നു ഇത്.