മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് വിവാദത്തില്‍. നെഹ്‌റുവിന്റെ ചിത്രത്തിന്റെ സ്ഥാനത്ത് ഡോ. ബിആര്‍ അംബേദ്കറിന്റെ ചിത്രം സ്ഥാപിക്കുകയായിരുന്നു. 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് ഇതേച്ചൊല്ലി വാക്‌പോരുണ്ടായത്. അതേസമയം അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അതിനായി നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിനെ അംഗീകരിക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.എന്നാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചത് കൊണ്ടാണ് ചിത്രം നിയമസഭയില്‍ നിന്ന് എടുത്തുമാറ്റിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. പിന്നീട് ആ സ്ഥാനത്ത് അംബേദ്കറിന്റെ ചിത്രം വെയ്ക്കാന്‍ തീരുമാനമാകുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.’’ അംബേദ്കറിന്റെ ചിത്രം സ്ഥാപിച്ചതിനെ ഞങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.
എന്നാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിനെ അംഗീകരിക്കാനാകില്ല. ഒരു സ്വാതന്ത്ര്യസമരസേനാനിയാണ് അദ്ദേഹം. നെഹ്‌റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അത്ര പെട്ടെന്ന് മറക്കാനാകില്ല. നെഹ്‌റുവിന്റെ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി ഞങ്ങള്‍ ഇനിയും മുന്നോട്ട് വരും,’’ കോണ്‍ഗ്രസ് എംഎല്‍എ ആയ അജയ് സിംഗ് പറഞ്ഞു.നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രത്തോടൊപ്പം അംബേദ്കറിന്റെ ചിത്രവും കൂടി സ്ഥാപിക്കുന്നതായിരുന്നു ഉചിതം എന്നാണ് കോണ്‍ഗ്രസ് വക്താവ് പീയുഷ് ബാബേല പറഞ്ഞത്.
ഡിസംബര്‍ 19നാണ് മധ്യപ്രദേശിലെ 16-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ പ്രോടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ സഭയിലേക്ക് സ്വാഗതം ചെയ്തു. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങും തിങ്കളാഴ്ചയാണ് നടന്നത്. മുഖ്യമന്ത്രി മോഹന്‍ യാദവിന് കീഴിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.