കമ്മിന്‍സിനെ കടത്തിവെട്ടി സ്റ്റാര്‍ക്ക്! സ്വന്തമാക്കിയത് 24.75 കോടി രൂപക്ക്,

0
80

മിച്ചല്‍ സ്റ്റാര്‍ക്ക് 24.75 കോടി രൂപയ്ക്കാണ് ഓസീസ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത തങ്ങളുടെ കൈവശം മിച്ചമുണ്ടായിരുന്ന തുകയുടെ 25 ശതമാനവും മിച്ചല്‍ സ്റ്റാര്‍ക്കിനെ വാങ്ങാന്‍ ചെലവഴിച്ചു. തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്തയ്‌ക്കൊപ്പം സ്റ്റാര്‍ക്കിനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ലേലം മൂര്‍ച്ഛിച്ചതോടെ ഇരുവരും പിന്മാറി. തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് ലേലത്തില്‍ സജീവമായി. പലപ്പോഴും ഇരു ടീമുകളും ഏറെ നേരം ആലോചിച്ചാണ് തുക ഉയര്‍ത്തി വിളിച്ചത്. 20 കോടി കടന്നിട്ടും താരത്തെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കെകെആര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 2015ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് അവസാനമായി ഐപിഎല്‍ കളിച്ചത്. 2014 ലും ബാംഗ്ലൂരിനായി കളിച്ച താരം 34 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ലോകകപ്പ് നേടിയ ഓസീസ് നിരയെ നയിച്ച പാറ്റ് കമ്മിന്‍സണായിരുന്നു ഇതുവരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം. എന്നാല്‍ ഈ നേട്ടത്തിന് വെറും മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ലഭിച്ചത്. ഫാസ്റ്റ് ബൗളറായ കമ്മിന്‍സണെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20.50 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കമ്മിന്‍സിനു വേണ്ടി ആദ്യാവസാനം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ലേലം കടുത്തതോടെ തുക 20 കോടി കഴിഞ്ഞു. പിന്നാലെ ഓസീസ് താരത്തെ ഹൈദരാബാദ് ടീമിലെത്തിക്കുകയായിരുന്നു. ബൗളിംഗ് നിരയില്‍ നേതൃഗുണമുള്ള ഒരു കളിക്കാരനെ തേടിയ എസ്ആര്‍എച്ചിന് കമ്മിന്‍സണെക്കാള്‍ മികച്ച ഓപ്ഷന്‍ വേറെയില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും ഇക്കാര്യം ടീമില്‍ നടപ്പാക്കാനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here