2024 ജനുവരി ആദ്യ വാരത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ജനസമ്പർക്ക റാലിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0 (Bharat Jodo Yatra 2.0) ഹൈബ്രിഡ് മോഡിൽ ആയിരിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും റാലിയിൽ പങ്കെടുക്കും.
രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി കോൺഗ്രസ് പരിഗണിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും യാത്ര കൂടുതൽ പ്രാധാന്യം നൽകുകയെന്നും ഒരു മുതിർന്ന നേതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലയളവായതിനാൽ കോൺഗ്രസ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെയും യാത്രയുടെ ഭാഗമാക്കാൻ ആരോചിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി. കൂടാതെ യാത്രയുടെ ആദ്യ ഘട്ടത്തിന് സമാനമായി, എല്ലാ ദിവസവും സമാപന സ്ഥലത്ത് വച്ച് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്ന പൊതുയോഗങ്ങളും ഉണ്ടാകും.ഡിസംബർ 21ന് കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഇതിൽ ചർച്ച ചെയ്യും.
2022 സെപ്റ്റംബർ 7ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട് 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. ഇത് 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ കടന്നുപോയി. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്രയെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം അവസാനിച്ചത്.