ചീര കൃഷി എല്ലായിപ്പോഴും ചെയ്യുന്ന ഒന്നാണെങ്കിലും ചീര കൃഷിയില്‍ നിന്ന് ഏറ്റവും നല്ല വിളവ് കിട്ടുന്ന സമയം ജനുവരിയാണ്.
സൂര്യപ്രകാശം നല്ലതുപോലെ കിട്ടുന്ന സ്ഥലം ആയിരിക്കണം ചീര കൃഷി ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത്. മണ്ണ് നല്ലതുപോലെ ഇളക്കി മറിച്ചതിനു ശേഷം കട്ടകള്‍ നല്ലതുപോലെ ഉടച്ച് പൊടി രൂപത്തില്‍ ആക്കി എടുക്കണം.
മണ്ണിന്റെ അമ്ലത കുറയ്‌ക്കുന്നതിനായി കുമ്മായം ചേര്‍ത്തു കൊടുക്കാം. 6 ഗ്രാം മുതല്‍ 8 ഗ്രാം വിത്തു കൊണ്ട് ഒരു സെന്റ് സ്ഥലത്ത് ചീര കൃഷി ചെയ്യാവുന്നതാണ്. എല്ലാ ഭാഗത്തും വിത്തുകള്‍ എത്തുന്നതിനായി മണലില്‍ കൂട്ടിയതിനു ശേഷം വിതച്ചു കൊടുക്കാവുന്നതാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അരുണ്‍( ചുവപ്പ്) മോഹിനി( പച്ച) എന്നിവയും തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ സി.ഒ -1, സി. ഒ -2, സി. ഒ -3 എന്നിവ മികച്ച ചീര ഇനങ്ങളാണ്. കൃഷി ചെയ്യുന്ന സമയത്ത് 200 കിലോഗ്രാം ചാണകവും കുറഞ്ഞ അളവില്‍ കോഴി വളവും ഒരു സെന്റ് സ്ഥലത്തേക്ക് അടിവളമായി മണ്ണുമായി ചേര്‍ത്തു കൊടുക്കാം.
പിന്നീട് ആഴ്ചയിലൊരിക്കല്‍ മേല്‍വളമായി നേര്‍പ്പിച്ച് എടുത്ത ഗോമൂത്രമോ നേര്‍പ്പിച്ച് എടുത്ത ബയോഗ്യാസ് സ്ലറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു പരിധിവരെ പുതയിടുന്നത് കള നിയന്ത്രണത്തിന് സഹായിക്കും.
മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കേണ്ടതും വേനല്‍ക്കാലത്ത് രാവിലെ നന്നായി നനച്ചു കൊടുക്കേണ്ടതും പ്രധാനമാണ്. ഇലപ്പുള്ളി രോഗത്തില്‍നിന്ന് ചീരയെ രക്ഷിക്കുന്നതിന് നനയ്‌ക്കുമ്ബോള്‍ വെള്ളം ഇലകളില്‍ വീഴാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
വിത്ത് പാകി 30 മുതല്‍ 35 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഒന്നാണ് ചീര. രണ്ട് രീതിയില്‍ വിളവെടുപ്പ് നടത്താവുന്നതാണ്. ഒന്നുകില്‍ വേരോടുകൂടി പിഴുതെടുക്കാം. അല്ലെങ്കില്‍ മുറിച്ച് വിളവ് എടുക്കാം. മൂന്നോ നാലോ തവണ ഡിസംബര്‍ മുതല്‍ മെയ് മാസം വരെ കൃഷി ചെയ്യാവുന്നതാണ്.