അയോധ്യയിലെ രാമ ക്ഷേത്രം (Ayodhya Ram Temple) വിശ്വാസികൾക്കായി തുറന്നു കൊടുക്കാനിരിക്കെ ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ക്ഷേത്ര നടകളിലേക്ക് ആവശ്യമായ മണികൾ തമിഴ്‌നാട്ടിലെ നാമക്കലിലാണ് നിർമ്മിക്കുന്നത്. നാമക്കലിലെ ശ്രീ ആണ്ഡാൾ മോൾഡിങ് വർക്കിലാണ് കഴിഞ്ഞ ഒരു മാസമായി മണികളുടെ നിർമ്മാണം നടക്കുന്നത്.
ശ്രീ ആണ്ഡാൾ മോൾഡിങ് വർക്കിന്റെ ചുമതലയുള്ള രാജേന്ദ്രനിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ബംഗളൂരുവിലെ ഒരു ബിസിനസ്സുകാരനായ രാജേന്ദ്ര നായിഡുവാണ് ക്ഷേത്രത്തിലേക്ക് ഈ മണികൾ നിർമ്മിക്കാനുള്ള ഓർഡർ കൊടുത്തത്.
70 കിലോ ഗ്രാം ഭാരമുള്ള 5 മണികളും, 60 കിലോ ഗ്രാം ഭാരമുള്ള 6 മണികളും, 25 കിലോ ഗ്രാം ഉള്ള ഒന്നും കൂടാതെ 36 ചെറിയ മണികളും ഉൾപ്പെടെ 48 മണികളാണ് ആദ്യ ഘട്ടത്തിൽ നാമയ്ക്കലിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെടാൻ തയ്യാറാകുന്നത്. രാജേന്ദ്ര നായിഡു തന്നെ എത്തിച്ച കോപ്പർ, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 25 ഓളം തൊഴിലാളികൾ രാത്രിയും പകലും ജോലി ചെയ്താണ് മണികളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ആകെ ആവശ്യമായ 108 മണികളിൽ 48 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായ മണികൾ നാമയ്ക്കലിലെ ആഞ്ചനേയ ക്ഷേത്രത്തിൽ സൂക്ഷിക്കും പിന്നീട് ട്രക്കുകളിൽ അയോധ്യയിലേക്ക് പുറപ്പെടും.
“ഞങ്ങൾ തമിഴ്‌നാട്ടിൽ മാത്രമല്ല മണികൾ നിർമ്മിച്ച് അയയ്ക്കുന്നത്. ഇന്ത്യയിലുടനീളവും ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യ, സിങ്കപ്പൂർ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കും മണികൾ നിർമ്മിച്ച് അയക്കാറുണ്ട്. കഴിഞ്ഞ ഏഴ് തലമുറകളായി ഞങ്ങൾ ഈ നിർമ്മാണ പ്രക്രിയ പിന്തുടരുന്നു” രാജേന്ദ്രൻ പറഞ്ഞു.
അയോധ്യയിലേക്കുള്ള മണികളുടെ നിർമ്മാണത്തിൽ ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. ഏറ്റവും വലിയ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാമയ്ക്കലിൽ നിന്നുംഅയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് മണികൾ നിർമ്മിച്ചു നൽകാൻ കഴിഞ്ഞത് വളരെയധികം സന്തോഷമുള്ള കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.