പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍,

0
76

സംഭവം നടക്കുമ്പോള്‍ എന്‍ട്രി ഗേറ്റും പാര്‍ലമെന്റ് ഹൗസ് എന്‍ട്രി ഏരിയയും ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന്റെ ആദ്യ സുപ്രധാന നടപടിയാണിത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) മേധാവിയെ നിയോഗിച്ചു. 2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ ബുധനാഴ്ച, ശൂന്യവേളയ്ക്കിടെയാണ് രാജ്യത്തെ നടുക്കിയ പ്രതിഷേധം അരങ്ങേറിയത്.

കേസില്‍ ഇതുവരെ അഞ്ച് പേര്‍ പിടിയിലായിട്ടുണ്ട്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ദേവി, വിശാല്‍ എന്നിവരാണ് പിടിയിലായത്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന്‌ സാഗര്‍ ശര്‍മയും കൂട്ടാളി മനോരഞ്ജനുമാണ് ചേംബറിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ചത്. കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ വാതകം പുറത്തുവിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.

ഇതേസമയം അമോല്‍ ഷിന്‍ഡെയും നീലം ദേവിയും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ഇവരെയും ഉടൻ തന്നെ പൊലീസ് പിടികൂടി. മറ്റൊരു പ്രതിയായ വിശാലിനെ ഗുരുഗ്രാമിൽ നിന്നാണ് പിടികൂടിയത്. ആറാമനായ ലളിതിനായി തിരച്ചില്‍ തുടരുകയാണ്. അതിക്രമിച്ച് കടക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here