ചെറുവത്തൂര്‍: ക്ലാസില്‍ കുഴപ്പിച്ച ശാസ്ത്ര, ഗണിത പാഠങ്ങള്‍ ചായ്യോത്ത് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി കീറാമുട്ടിയാവില്ല.
ക്ലാസിലെ പഠനത്തിനൊപ്പം ഇവ പ്രായോഗികതലത്തില്‍ ചെയ്ത് മനസിലാക്കി ഗണിത ശാസ്ത്ര വിഷയങ്ങളെ ഇഷ്ടവിഷയമാക്കി മാറ്റാനാണ് സ്‌കൂളില്‍ ഗണിത പാര്‍ക്ക് സജ്ജീകരിച്ചത്. സമഗ്ര ശിക്ഷ കേരളയുടെ ഗണിത പാര്‍ക്ക് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ഏക സ്‌കൂളാണ് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഒരു സ്‌കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരുക്കിയ ഗണിത പാര്‍ക്ക്, രണ്ട് ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. കോണളവ്, ഉത്തോലകം, ബലം, വൃത്തം, വ്യാസം, സൂചക സംഖ്യകള്‍ തുടങ്ങി ആശയക്കുഴപ്പമുണ്ടാക്കുന്ന പാഠങ്ങള്‍ പാര്‍ക്കിലെത്തിയാല്‍ ഉപകരണങ്ങളുപയോഗിച്ച് എളുപ്പം മനസിലാക്കിയെടുക്കാം. ഓരോ ഉപകരണവും എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പ്രത്യേകം നിര്‍ദേശങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ജില്ല പ്രോജക്‌ട് കോഓഡിനേറ്റര്‍ വി.എസ്. ബിജുരാജ് പദ്ധതി വിശദീകരിച്ചു.