പഴയങ്ങാടി: റെയില്‍വേ സ്റ്റേഷനുകളിലെ നിത്യ ചെലവിനുള്ള ഇംപ്രസ് തുക നല്‍കുന്നതിന് റെയില്‍വേ അനുമതി നല്‍കാത്തതിനാല്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ശുചീകരണം മുടങ്ങിയിട്ട് ദിവസങ്ങള്‍.
തീവണ്ടികളില്‍ നിന്ന് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവ പ്ലാറ്റ് ഫോമിലും പരിസരത്തും നിറയുകയാണ്. കരാറടിസ്ഥാനത്തില്‍ നിയമിച്ച ശുചീകരണ തൊഴിലാളികളുടെ സേവനം റെയില്‍വേ വേണ്ടെന്നു വെച്ചതാണ് ശുചീകരണ പ്രവൃത്തി മുടങ്ങാൻ കാരണം.
താല്‍ക്കാലിക ജീവനക്കാര്‍ക്കായിരുന്നു ശുചീകരണ ചുമതല. ഇവര്‍ക്കുള്ള വേതനം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നല്‍കുകയും ഫണ്ട് ലഭിക്കുന്ന മുറക്ക് തിരിച്ചെടുക്കുകയുമായിരുന്നു രീതി. എന്നാല്‍ ഫണ്ട് പൂര്‍ണമായും മുടങ്ങിയതോടെ ജീവനക്കാര്‍ക്ക് വേതനം നല്‍കാനാവാത്തതിനാല്‍ ഇവരുടെ സേവനം നിര്‍ത്തലാക്കുകയായിരുന്നു.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എ, ബി കാറ്റഗറികളിലല്ലാത്ത സ്റ്റേഷനുകളില്‍ നിത്യ ചെലവിനുള്ള ഇംപ്രസ് തുക ആഗസ്റ്റ് മുതല്‍ അനുവദിച്ചിട്ടില്ല. മറ്റ് ഡിവിഷനുകളുടെ കീഴിലുള്ള സ്റ്റേഷനുകളില്‍ ഇംപ്രസ് തുക ക്രമം തെറ്റാതെ പുതുക്കി നല്‍കുമ്ബോഴാണ് പാലക്കാട് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളെ ആവശ്യമായ തുക അനുവദിക്കാതെ അവഗണിക്കുന്നത്.
പ്രശ്നത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയില്‍വേയിലെയും പാലക്കാട് ഡിവിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കി. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കെ.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. പി.പി. സുനില്‍ കുമാര്‍, കെ.പി. രവീന്ദ്രൻ, പി.വി. അബ്ദുല്ല, ഇ.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.