മധ്യപ്രദേശിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ പദവിയിലേക്ക് എത്തിയ ഭാരത് ആദിവാസി പാര്‍ട്ടി നേതാവ് കമലേശ്വര്‍ ദൊഡിയാരാണ് ഈ താരം.മണ്ണ്‌കൊണ്ട് കെട്ടിയ ഓടിട്ട വീട്ടിലാണ് കമലേശ്വര്‍ താമസിക്കുന്നത്. സ്വന്തമായി കാര്‍ ഇല്ലാത്ത ഇദ്ദേഹം വാടയ്ക്ക് എടുത്ത ബൈക്കിലാണ് സഞ്ചരിക്കുന്നത്. നിയമസഭാ പ്രവേശനത്തിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 350 കിലോമീറ്റര്‍ സഞ്ചരിച്ച് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം ഭോപ്പാലില്‍ എത്തിയത് വാര്‍ത്തയായിരുന്നു.
കടം വാങ്ങിയ ഒരു ബൈക്കിലായിരുന്നു അദ്ദേഹം ഇത്രയും ദൂരം യാത്ര ചെയ്‌തെത്തിയത്. തലസ്ഥാനത്തേക്ക് കാറിലെത്തണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതിനായി കാര്‍ വാടകയ്ക്ക് എടുക്കാന്‍ നോക്കി. എന്നാല്‍ കാര്‍ ലഭിക്കാതായതോടെ സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് കടം വാങ്ങുകയായിരുന്നു. ശേഷം ബൈക്കിന് മുകളില്‍ എംഎല്‍എ എന്നൊരു സ്റ്റിക്കറും പതിപ്പിച്ചു. എട്ട് മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് അദ്ദേഹം ഭോപ്പാലിലെത്തിയത്. മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് സംഭാവന പിരിച്ചുമാണ് കമലേശ്വര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
മറ്റ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി ലക്ഷങ്ങളാണ് ചെലവാക്കിയത്. ’’ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. ജീവിതത്തിന്റെ ഓരോ അറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഞങ്ങള്‍. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കൈയ്യില്‍ പണമുണ്ടായിരുന്നില്ല. അതുകൊണ്ട് പണം കടം വാങ്ങിയാണ് മത്സരിച്ചത്,’’ കമലേശ്വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനങ്ങളില്‍ നിന്ന് വരെ സംഭാവന പിരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ദിനേഷ് ഗര്‍വാള്‍ പറഞ്ഞു. ‘‘ഒരുപാട് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയെങ്കിലും കേവലം 20000 രൂപ മാത്രമെ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു.
തെരഞ്ഞെടുപ്പ് പ്രചരണ ചെലവിന് പോലും അത് തികയുമായിരുന്നില്ല,’’ ഗര്‍വാള്‍ പറഞ്ഞു. പിന്നീടാണ് കമലേശ്വര്‍ പണം കടം വാങ്ങാന്‍ തുടങ്ങിയത്.’’ ജനങ്ങളെ മണ്ടന്‍മാരാക്കുന്ന രാഷ്ട്രീയരീതിയോട് എനിക്കൊട്ടും യോജിപ്പില്ല. അവരെ ഭീഷണിപ്പെടുത്തുക,പണം കൊടുത്ത് വശത്താക്കുക എന്ന രീതികളെ പാടെ അവഗണിച്ചു. അവരുടെ വിശ്വാസം നേടിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കി. അതുകൊണ്ടാണ് അവര്‍ എനിക്ക് വോട്ട് ചെയ്തത്,’’ കമലേശ്വര്‍ പറഞ്ഞു.മണ്ണ്‌കൊണ്ട് നിര്‍മ്മിച്ച ഓടിട്ട വീട്ടിലാണ് കമലേശ്വറും കുടുംബവും കഴിയുന്നത്.
രാധാഗുവ ഗ്രാമത്തിലാണ് കമലേശ്വര്‍ കഴിയുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് കമലേശ്വറിന്റെ അമ്മ സേട്ടാ ഭായി. തന്റെ കുടുംബത്തെ പോറ്റാന്‍ വേണ്ടി മാത്രമല്ല 62കാരിയായ അമ്മ ജോലിയ്ക്ക് പോകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ അമ്മ ഇപ്പോഴും ജോലി ചെയ്യുന്നത്. കമലേശ്വര്‍ ഉള്‍പ്പടെ 9 മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. കമലേശ്വറിന്റെ അഞ്ച് സഹോദരങ്ങള്‍ രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. കമലേശ്വറിന്റെ 3 സഹോദരിമാരും ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ്. ഇവര്‍ വിവാഹിതരുമാണ്. ദിവസവേതനത്തിന് ജോലി ചെയ്തയാളാണ് കമലേശ്വറും. പിന്നീട് എല്‍എല്‍ബി പഠനത്തിനായി അദ്ദേഹം ഡല്‍ഹി സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.
അന്ന് അവിടെ ടിഫിന്‍ ഡെലിവറി ചെയ്യുന്ന ജോലിയിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ 16 എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 11 തവണ ജയിലില്‍ പോയയാളൂകൂടിയാണിദ്ദേഹം. ഗോത്രജനതയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ സമരങ്ങളായിരുന്നു ഇതിനെല്ലാം കാരണം.
2008ലാണ് കമലേശ്വര്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു അദ്ദേഹത്തിന്റെ റോള്‍മോഡല്‍. JAYS എന്ന ഗോത്ര സംഘടനയുമായി അദ്ദേഹം അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ശേഷം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ശൈലാന മണ്ഡലത്തില്‍ അദ്ദേഹമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 18,800 വോട്ടുകളാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 2019ല്‍ അദ്ദേഹം ഭാരത് ആദിവാസി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. അന്ന് അദ്ദേഹത്തിന് 15000 വോട്ടുകളാണ് ലഭിച്ചത്. ’’ ഈ തെരഞ്ഞെടുപ്പ് ഫലം എനിക്ക് ആത്മവിശ്വാസം നല്‍കി. പണവും സ്വാധീനവുമില്ലാതെ ഇത്രയധികം വോട്ട് എനിക്ക് കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്,’’ കമലേശ്വര്‍ പറഞ്ഞു.