റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റുമരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി അബ്ദുല്‍ മജീദാണ്(44) കൊല്ലപ്പെട്ടത്. സൗദിയിലെ ജിസാനിലുള്ള ദര്‍ബിലാണ് സംഭവം. അബ്ദുല്‍ മജീദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം. ദര്‍ബിലെ ഒരു കടയിലാണ് അബ്ദുല്‍ മജീദ് ജോലി ചെയ്തിരുന്നത്. ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
കുത്തേറ്റ അബ്ദുൽ മജീദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അബ്ദുൽ മജീദിനെ കുത്തിയശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ദർബിലെ കടയിലെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.