ശബരിമല: ശബരിമലയിലെ പ്രധാന പ്രസാദമായ അപ്പം, അരവണ തുടങ്ങിയവയില്‍ ഉപയോഗിക്കേണ്ട ജീരകത്തില്‍ കീട നാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രസാദ ഉല്പാദനം പ്രതിസന്ധിയിലേക്ക്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ജീരകത്തിന്റെ സാമ്ബിളില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ഈ വര്‍ഷത്തെ നിര്‍മാണ ആവശ്യത്തിനായി കരാര്‍ ഏറ്റെടുത്തവരില്‍നിന്ന് അടിയന്തിരമായി കരാര്‍ റദ്ദാക്കി. മുൻവര്‍ഷം വിതരണ കരാര്‍ ഏറ്റെടുത്തിരുന്ന സൊസൈറ്റിയ്ക്ക് വീണ്ടും കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സന്നിധാനത്ത് എത്താൻ ദിവസങ്ങളെടുക്കും.അതേസമയം ശുദ്ധമായ ജീരകം കരുതല്‍ ശേഖരത്തില്‍ ഉള്ളതിനാല്‍ നിലവില്‍ ആശങ്കകള്‍ ഇല്ലെന്നും എന്നാല്‍ പുതിയ സ്റ്റോക്ക് എത്താൻ വൈകിയാല്‍ പ്രതിസന്ധി നേരിടുമെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
അരവണ നിര്‍മ്മാണത്തിന് വേണ്ടി കഴിഞ്ഞ വര്‍ഷം ലഭിച്ച ഏലക്കയില്‍ കീടനാശിനി കൂടുതല്‍ ഉണ്ടെന്ന പരാതിയില്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു. നേരത്തെ തയ്യാറാക്കി സൂക്ഷിച്ചിരുന്ന ആറര ലക്ഷം ടിൻ അരവണ ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ ശബരിമലയിലെ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് അരവണയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഏലക്ക ഉപയോഗിക്കുന്നില്ല. ഏലയ്ക്ക ഇല്ലാത്ത അരവണ പായസമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.