ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്. 26 കാരനായ ആദിത്യ അഡ്ലകയാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഒഹായോ സംസ്ഥാനത്തെ സിൻസിന്നാട്ടി മെഡിക്കൽ സ്കൂളിൽ മോളിക്യുലാർ ആന്റ് ഡെവലപ്പ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഗവേഷക വിദ്യാർത്ഥിയായിരുന്നു ആദിത്യ.ആദിത്യ മരിച്ചത് സംബന്ധിച്ച് ഹാമിൽടൺ കൗണ്ടി കോർണർ ഓഫീസാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി യൂണിവേഴ്സിറ്റി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. പെട്ടെന്നുള്ള, ദാരുണമായ, വിവേകശൂന്യമായ സംഭവം എന്നാണ് ആദിത്യയുടെ മരണത്തേക്കുറിച്ച് മെഡിക്കൽ യൂണിവേഴ്സിറ്റി പ്രതികരിച്ചത്.നംവബർ 9നാണ് സംഭവമുണ്ടായത്, വെസ്റ്റേൺ ഹിൽസിൽ അപകടത്തിൽപെട്ട ഒരു വാഹനത്തിനുള്ളിൽ നിന്നും ആദിത്യയെ കണ്ടെത്തുകയായിരുന്നുവെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
പരിശോധനയിൽ പുലർച്ചെ 6.20ന് പ്രദേശത്ത് ഒരു വെടിവയ്പ് ഉണ്ടായതായും കണ്ടെത്തി.പ്രദേശത്തുകൂടിപ്പോയ ഒരു ഡ്രൈവറാണ് ഇക്കാര്യം 911ൽ വിളിച്ചറിയിച്ചത്. ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്ന ആദിത്യയെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.ഇയാളുടെ വാഹനം പലവട്ടം അപകടത്തിൽപെട്ടതായും ഡ്രൈവറുടെ സൈഡിലുള്ള വിൻഡോയിൽ മൂന്ന് വെടിയുണ്ടകൾ പതിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.സുവോളജിയിൽ ബിരുദ പഠനത്തിന് ശേഷം 2020ൽ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ഫിസ്യോളജിയിൽ ബിരുദാനന്തര ബിരുദവും എടുത്ത ശേഷം പിഎച്ച്ഡി സ്വന്തമാക്കാൻ യുഎസിലേക്ക് പോയത്.
നേരത്തെ, പോലീസിന്റെ പട്രോൾ വാഹനം ഇടിച്ച് ഇന്ത്യ ൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു. ദൃശ്യം കണ്ട് പോലീസ് ഓഫീസർ പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയായ ജാഹ്നവിയാണ് കൊല്ലപ്പെട്ടത്. സിയാറ്റിൽ പോലീസ് ഓഫീസർ ഡാനയൽ ഓഡറിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ചർച്ചയായത്.