പാലക്കാട്: പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ഇവക്കെതിരെ പിഴ ചുമത്താത്തത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വിലയിരുത്തലില്‍ അനധികൃത ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും പരമാവധി 5000 രൂപ പിഴ ചുമത്താനാണ് തദ്ദേശതലത്തില്‍ രൂപവത്കരിച്ച നിരീക്ഷണസമിതിയോട് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
1999ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ബോര്‍ഡ് ഒന്നിന് പരമാവധി 5000 രൂപ പിഴയും നീക്കാനുള്ള ചെലവും ഈടാക്കണമെന്നും പ്രോസിക്യൂഷൻ നടപടികള്‍ ആരംഭിക്കണമെന്നുമാണ് തദ്ദേശവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.രാഷ്ട്രീയ -വര്‍ഗ -ബഹുജന -സാമുദായിക സംഘടനകളുള്‍പ്പെടെയുള്ള നിയമലംഘകര്‍ക്കെതിരെയുള്ള നടപടി പലതരത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലില്‍ നടപടികള്‍ കാര്യമായി പുരോഗമിച്ചിരുന്നില്ല.
കഴിഞ്ഞ ഒക്ടോബര്‍ 31ലെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. ഹൈകോടതി നിര്‍ദേശപ്രകാരം അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കാൻ തദ്ദേശതലത്തില്‍ പ്രാദേശിക സമിതികളും നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ജില്ലതല നിരീക്ഷണ സമിതികളും രൂപവത്കരിച്ചിരുന്നു.