“Yet here we are, in the middle of a stanza സംഘകലാപ്രദര്‍ശനം നവംബര്‍ 15 മുതല്‍ 24 വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ അരങ്ങേറും. ലിയോണ്‍ കെ എല്‍, സനം നാരായണന്‍, ശാന്തന്‍ എന്‍ വി , സെബാസ്റ്റ്യന്‍ സി വര്‍ഗീസ്, സുധീഷ് കെ എന്നിവര്‍ നടത്തുന്ന സംഘകലാ പ്രദര്‍ശനം, കാലഘട്ടത്തിന്റെ പരിണാമങ്ങള്‍ക്കിടയില്‍ കലാകാരന്മാര്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കമുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മുന്നോട്ടുവയ്ക്കുന്നത്.
കലാനിരൂപകനായ സുധീഷ് കോട്ടേമ്പ്രത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ സമകാലിക കലാകാരന്മാരുടെ സംഘകലാ പ്രദര്‍ശന പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്നാണ്. ഇമേജുകള്‍ക്കിടയില്‍ നിന്നുകൊണ്ട് കല ചെയ്യുന്ന ഒരു കലാകാരന്‍ എന്തെല്ലാം വെല്ലുവിളികള്‍ നേരിടുന്നുവെന്നും തന്നെ കലയില്‍ ആവിഷ്‌കരിക്കാന്‍ അയാള്‍ എന്തെല്ലാം പുതിയ മാര്‍ഗങ്ങള്‍ തേടുകയെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി സംഘകലാ പ്രദര്‍ശനം മാറും.
കെ എല്‍ ലിയോണ്‍ തന്റെ ഭക്ഷണാവിഷ്‌കാരങ്ങളിലൂടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കുമെത്തുമ്പോള്‍ ഭക്ഷണം ഒരു സാംസ്‌കാരിക രൂപമെന്ന തരത്തിലും സ്വത്വനിര്‍മിതിയുടെ ഭാഗമെന്ന തരത്തിലും ചിത്രത്തിലിടം പിടിക്കുന്നു. അതേസമയം ശാന്തന്റെ ചിത്രങ്ങളില്‍ അറിവ് കവിതകളിലെ പിടിതരാത്ത അര്‍ത്ഥകല്‍പ്പനപോലെ ചൂഴുന്നു.
ദര്‍ബാര്‍ ഹാള്‍ സെന്ററില്‍ നാളെ മുതല്‍ ഈ മാസം 24 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍, 15ന് വൈകിട്ട് 5 മണിക്ക് സൗഹൃദസായാഹ്നവുമുണ്ടാകും.